കോട്ടയം: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില ഗുരുതരമെന്ന് അഭ്യൂഹം.
എന്നാൽ ഇക്കാര്യം ഔദ്യോഗികമായി പാർട്ടിയോ ആശുപത്രി വൃത്തങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
മുഖ്യമന്ത്രി മുൻകൂട്ടി നിശ്ചയിച്ചിരുന്ന യൂറോപ്യൻ യാത്ര റദ്ദാക്കി ഞായറാഴ്ച കോടിയേരിയെ കാണാൻ ചെന്നൈയ്ക്ക് പോകുമെന്ന് സ്ഥിരീകരണമുണ്ടായിട്ടുണ്ട്.
ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആശങ്ക പരക്കുന്നത്.
ഇന്ന് രാത്രി മുഖ്യമന്ത്രി ഫിൻലൻഡിലേക്ക് പുറപ്പെടാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
എന്നാൽ യാത്ര അടിയന്തരമായി മാറ്റിവയ്ക്കുകയാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു.
അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്ന് വൈകിട്ട് തന്നെ ചെന്നൈയിൽ എത്തും. രാത്രി ഏഴിന് പുറപ്പെടുന്ന വിമാനത്തിൽ അദ്ദേഹം ചെന്നൈയിലേക്ക് തിരിച്ചു.
അർബുദരോഗ ബാധിതനായ കോടിയേരിയെ ഓഗസ്റ്റ് 29-നാണ് എയർ ആംബുലൻസിൽ ചെന്നൈയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്.
അപ്പോളോ ആശുപത്രിയിലെ മെഡിക്കൽ സംഘവും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. അനാരോഗ്യം കണക്കിലെടുത്ത് അദ്ദേഹം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
15 ദിവസത്തെ ചികിത്സയ്ക്കായാണ് അദ്ദേഹം പുറപ്പെട്ടതെങ്കിലും ആശുപത്രിയിൽ തുടരുകയായിരുന്നു. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.