കൊച്ചി: മുഖത്തെ ചിരി മായാതെ ആരുടെ മുന്നിലും കാര്യങ്ങൾ പറയാൻ കഴിയുന്ന കോടിയേരിയല്ലാതെ പുതിയ കാലത്തേക്കു സിപിഎമ്മിനെ നയിക്കാൻ തത്കാലം വേറൊരാളില്ലെന്നു പാർട്ടി കരുതുന്നു.
മൂന്നുതവണ സംസ്ഥാന സെക്രട്ടറിയായ വി.എസ്. അച്യുതാനന്ദനൊപ്പമാണ് ഇത്തവണയും സെക്രട്ടറിയായ കോടിയേരിയുടെ സ്ഥാനം. പിണറായി വിജയന് അഞ്ചുതവണ സെക്രട്ടറിയായിരുന്നു.
തലശേരിയിലെ കോടിയേരിയില്‍ സ്കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നാണ് ബാലകൃഷ്ണന്റെ ജനനം.
പത്താം ക്ലാസിനുശേഷം ആർഎസ്എസുമായുള്ള സംഘർഷവും മറ്റും കാരണം വീട്ടുകാർ തുടർന്നു പഠിക്കാൻ അയയ്ക്കാതെ ചെന്നൈയിലേക്കയച്ചു.
അവിടെ ചിട്ടിക്കമ്പനിയിൽ രണ്ടുമാസം ജോലിചെയ്തു. പിന്നീടു തിരിച്ചെത്തി മാഹി മഹാത്മാഗാന്ധി കോളജില്‍ പ്രീഡിഗ്രി പഠനം.
മാഹി കോളജില്‍ പഠിക്കുമ്പോള്‍ കെഎസ്എഫ് പ്രവര്‍ത്തകനായി വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. കോളജ് യൂണിയന് ചെയര്‍മാനായി.
യൂണിവേഴ്സിറ്റി കോളജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിസ്ഥാനവും വഹിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് മിസാ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. 16 മാസം കഴിഞ്ഞാണ് ജയിൽമോചിതനായത്. ജയിൽവാസം പിണറായിയെയും കോടിയേരിയെയും അടുത്ത സുഹൃത്തുക്കളാക്കി.
1970ല്‍ സിപിഎം ഈങ്ങയില്‍പീടിക ബ്രാഞ്ച് സെക്രട്ടറി. 73ല്‍ കോടിയേരി ലോക്കല്‍ സെക്രട്ടറി. 1980 മുതല്‍ 1982 വരെ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി,
1990 മുതല്‍ അഞ്ചു വര്‍ഷം സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. 1988ല്‍ സംസ്ഥാന കമ്മിറ്റിയിലേക്കും 1995ല്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും 2002ല്‍ കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.
2008ൽ പോളിറ്റ് ബ്യൂറോ അംഗമായി. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളിൽ തലശേരിയില്‍നിന്ന് എംഎല്‍എയായി. 2001ലും 2011 ലും പ്രതിപക്ഷ ഉപനേതാവ്.
2006ലെ വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയിൽ ആഭ്യന്തര, ടൂറിസം മന്ത്രി. സിപിഎം നേതാവും തലശേരി എംഎല്‍എയുമായിരുന്ന എം.വി. രാജഗോപാലന്റെ മകള്‍ എസ്.ആര്. വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി.