കോട്ടയം: കൊല്ലാടിനടുത്ത് കൊടൂരാറ്റിലെ കളത്തുകടവിൽ നീന്താനിറങ്ങിയ മൂന്നംഗ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. രണ്ടു പേർ രക്ഷപ്പെട്ടു. ഏറ്റുമാനൂർ പുത്തൻപുരയിൽ ടോണി (20) ആണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
നഗരത്തിലെ ഒരു സ്വകാര്യ കോളജിലെ വിദ്യാർഥിയാണ് ടോണി. നീന്താനിറങ്ങിയ മൂന്നു പേരിൽ ഒരാളെ സമീപവാസിയായ മുൻ ആർമി ഉദ്യോഗസ്ഥനാണ് രക്ഷപ്പെടുത്തിയത്. സുഹൃത്തുക്കളായ നാലു പേർ മൂന്നു ബൈക്കുകളിൽ രാവിലെ 11 മണിയോടെയാണ് കളത്തുകടവിൽ എത്തിയത്.
ഇവരിൽ മൂന്നു പേർ കൊടൂരാർ മുറിച്ച് മറുകരയിലേക്ക് നീന്തുകയായിരുന്നു. ഇതിൽ ഒരാൾ അക്കരെ എത്തിയെങ്കിലും മറ്റു രണ്ടു പേർക്ക് കരയ്ക്കു കയറാനായില്ല. ഇവരുടെ ബഹളം കേട്ടാണ് സമീപവാസിയും മുൻ ആർമി ഉദ്യോഗസ്ഥനുമായ മഠത്തിൽ വിനോദ് എത്തിയത്.
ഇദ്ദേഹം മറുകരയിൽ നിന്നാണ് സംഭവം. കണ്ടത്. ഉടൻ ആറ്റിലേക്ക് ചാടി ഒരാളെ രക്ഷപ്പെടുത്തി. മറ്റൊരാളെ കാണാതായ വിവരം പിന്നീടാണ് മനസിലാക്കിയത്. പിന്നീട് അര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് ടോണിയെ കണ്ടെത്തിയത്. കരയ്ക്ക്് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതിനിടെ ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തിയിരുന്നു.