ഏഴു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ കൊടുങ്കാറ്റാണ് യുകെയിലും യൂറോപ്പിലും വീശിയടിക്കുന്നത് എന്നാൽ സിയര കൊടുങ്കാറ്റിനെ ലണ്ടനിലേക്കുള്ള യാത്രയിൽ പ്രയോജനപ്പെടുത്തി റിക്കാർഡ് സ്ഥാപിച്ചിരിക്കുകയാണ് ബ്രിട്ടീഷ് എയർവേയ്സ് വിമാനങ്ങൾ.
കാറ്റിന്റെ വേഗവും ഗതിയും പ്രയോജനപ്പെട്ടതോടെ 1,290 കിലോമീറ്റർ വേഗത്തിലാണ് ന്യൂയോർക്കിൽനിന്നും ഹീത്രുവിലേക്ക് പുറപ്പെട്ട വിമാനം പറന്നത്.
ഇതോടെ 4.56 മണിക്കൂറുകൾ കൊണ്ട് ഹീത്രു വിമാനത്താവളത്തിൽ ബ്രിട്ടീഷ് എയർവേയ്സിന്റെ ബോയിംഗ് 747 വിമാനം ലാൻഡ് ചെയ്തു.
സാധാരണ ഏഴുമണിക്കൂർ വേണ്ടിടത്താണ് ഇത്. ഏറ്റവും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തി ഈ വിമാനം റിക്കാർഡിട്ടു. രണ്ട് മണിക്കൂറാണ് യാത്രസമയത്തിൽ കുറവ് വന്നത്.
ഈ വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ വെർജിൻ അറ്റ്ലാന്റിക് കന്പനിയുടെ വിമാനം ഒരുമിനിറ്റ് മാത്രം വൈകി ഹീത്രുവിൽ ലാൻഡ് ചെയ്തു.
ഞായറാഴ്ച ഇതേ കന്പനിയുടെ മറ്റൊരു വിമാനവും സമാനമായ രീതിയിൽ ലാൻഡ് ചെയ്തിരുന്നു. എന്നാൽ തിരിച്ച് ന്യൂയോർക്കിലേക്കുള്ള യാത്രാവിമാനങ്ങളെ സംബന്ധിച്ചിടത്തോളം ശ്രമകരമാണ്.
കാറ്റിനെതിരേ സഞ്ചരിച്ച് ന്യൂയോർക്കിലെത്താൻ രണ്ട് മണിക്കൂറോളം അധികം സമയമെടുക്കും.