പത്തനംതിട്ട: മൊഴി എടുക്കാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുവന്ന യുവാവിനെ പോലീസ് മർദിച്ചതായി പരാതി. അടൂർ തട്ട സ്വദേശി മനുവാണ് കൊടുമൺ പോലീസ് മർദിച്ചു എന്ന് കാണിച്ച് എസ്പിക്ക് പരാതി നൽകിയത്.
ആരോപണം അടിസ്ഥാന രഹിതമെന്നാണ് കൊടുമൺ പോലീസിന്റെ വിശദീകരണം. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു സ്ഥാപനത്തിൽ നടന്ന മോഷണ കേസിന്റെ അന്വേഷണത്തിനായി ആണ് മനുവിനേയും ഇയാളുടെ പിതാവ് മുരളീധരനേയും കൊടുമൺ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള സിസിടിവി കാമറയിൽ സംഭവം നടക്കുന്നതിന് കുറച്ച് മുമ്പ് മനുവും മുരളീധരനും ഉപയോഗിക്കുന്ന വാഹനം കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.
ഇതിൽ സംശയം തോന്നിയതോടെയാണ് പോലീസ് ഇരുവരെയും സ്റ്റേഷനിലെത്തിച്ചത്. മുരളീധരനെ വൈകിട്ട് അഞ്ച് മണിക്കും മനുവിനെ എട്ട് മണിക്കുമാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഈ സമയം ജീപ്പിൽ വച്ച് മർദിച്ചെന്നാണ് മനുവിന്റെ പരാതി.