വെള്ളിക്കുളങ്ങര: മറ്റത്തൂർ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകളിലൊന്നായ കൊടുങ്ങച്ചിറ അവഗണനയിൽ നശിക്കുന്നു. മണ്ണും ചെളിയും നിറഞ്ഞ് നാശോന്മുഖമായ ചിറ വേനൽരൂക്ഷമായതോടെ വറ്റിവരണ്ടു കിടക്കുകയാണ്.നൂറിലേറെ വർഷങ്ങളുടെ ചരിത്രമുള്ളമുള്ളതാണ് കൊടുങ്ങച്ചിറ.
വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം പ്രദേശത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ ചിറയെ ആശ്രയിച്ചാണ് ആദ്യകാലങ്ങളിൽ മേഖലയിൽ കൃഷി ചെയ്തുപോന്നിരുന്നത്. പിന്നിട് അവഗണിക്കപ്പെട്ടുകിടന്ന ചിറ രണ്ടു പതിറ്റാണ്ടു മുന്പ് ഒന്നാം ജനകീയാസൂത്രണ കാലത്താണു പുനരുദ്ധരിക്കപ്പെട്ടത്.
ചിറയുടെ നാലുഭാഗവും കരിങ്കൽ കെട്ടി സംരക്ഷിച്ചെങ്കിലും ആഴം കൂട്ടാനോ ചെളി നീക്കാനോ നടപടിയുണ്ടായില്ല. ഇതു മൂലം മഴക്കാലത്ത് ചിറയിൽ വേണ്ടത്ര വെള്ളം സംഭരിക്കാനാവാത്ത സ്ഥിതിയാണുള്ളത്. ഓരോ വേനലിലും ജലക്ഷാമം കൂടുതൽ രൂക്ഷമായി വരുന്ന സാഹചര്യത്തിൽ കൊടുങ്ങ ചിറയുടെ വികസനത്തിനു നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
മറ്റത്തൂർ പഞ്ചായത്തിലെ പ്രധാന ചിറകളും കുളങ്ങളും വൻതുക ചെലവിൽ പുനരുദ്ധരിക്കപ്പെട്ടിട്ടും കൊടുങ്ങ ചിറയുടെ ശോച്യാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽപ്പെടാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.
ചിറയിൽ അടിഞ്ഞു കൂടിയിട്ടുള്ള മണ്ണും ചെളിയും നീക്കം ചെയത് ആഴം വർധിപ്പിച്ചാൽ കടുത്ത വേനലിൽ പോലും വറ്റാത്ത ജലസ്രോതസായി ഈ ചിറയെ നിലനിർത്താനാവും.
കുളത്തിനു ചുറ്റും നടപ്പാതയും ഇരിപ്പിടങ്ങളും സജ്ജമാക്കി പ്രാദേശിക ടൂറിസം കേന്ദ്രമായും നീന്തൽകുളമായും കൊടുങ്ങ ചിറയെ മാറ്റിയെടുക്കാനാവുമെന്നാണു പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നത്. ചിറയിലേയ്ക്കുള്ള ഇടവഴി വാഹന ഗതാഗതത്തിനു യോഗ്യമായ വിധത്തിൽ വികസിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.ി