കൊടുങ്ങല്ലൂർ: ചരിത്രനഗരിയെ നാലുനാൾ ആഘോഷതിമിർപ്പിൽ ആറാടിക്കുന്ന കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഒന്നാം താലപ്പൊലിക്ക് ആയിരങ്ങളുടെ കാഴ്ച സമർപ്പണത്തോടെ തുടക്കമായി. ഇന്നലെ സന്ധ്യക്ക് കൊടുങ്ങല്ലൂർ ഒന്നുകുറെ ആയിരം യോഗത്തിന്റെ നേതൃത്വത്തിൽ 1001 കതിനവെടികളുടെ അകന്പടിയോടെ താലപ്പൊലിക്ക് കേളികൊട്ട് ഉയർന്നു.
ഒന്നാംനാളിൽ പ്രഭാതം മുതൽ കുടുംബി സമുദായക്കാരും മല അരയന്മാരും നേർച്ചസമർപ്പണങ്ങൾ ആരംഭിച്ചു. തെക്കൻ ജില്ലകളിൽ നിന്നുള്ള കുടുംബി സമുദായക്കാർ ദേവിക്ക് വഴിപ്പാടായി ആടുകളെ സമർപ്പിച്ചപ്പോൾ മലയരയന്മാർ പാരന്പര്യ ആചാരപ്രകാരം ക്ഷേത്ര വളപ്പിലെ ആൽത്തറകളിലും ക്ഷേത്രാങ്കണത്തിലും കൂട്ടംചേർന്ന് അവിലും മലരും ശർക്കരയും പൂക്കളും അർപ്പിച്ച് പ്രത്യേക പൂജകൾ നടത്തി. രാവിലെ ആരംഭിച്ച പൂജാകർമ്മങ്ങൾ ഭക്തരുടെ നിറസാനിധ്യംകൊണ്ട് ക്ഷേത്രാങ്കണം ജനസാഗരമായി.
ഒന്നാംതാലപ്പൊലി ദിനത്തിൽ പകൽ എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് ഒരുമണിയോടെ ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠയായ കുരുംബാമ്മയുടെ നടയിൽ നിന്നും ആരംഭിച്ചു. അഞ്ചാനകളെ അണിനിരത്തി ആരംഭിച്ച പകൽ എഴുന്നള്ളിപ്പ് വൈകിട്ട് ആറോടെ ക്ഷേത്രത്തിലെ പടിഞ്ഞാറെ നടയിലെ എതിരേൽപ്പ് പന്തലിൽ സമാപിക്കുന്പോൾ ഒന്പതു ഗജവീരന്മാർ അണിനിരന്ന മഹോത്സവമായി സമാപിക്കും. തുടർന്ന് ദീപാരാധനയും വെടിക്കെട്ടും ഉണ്ടാകും.
കേളത്ത് കുട്ടൻമാരാരുടെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യവും, പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും ആയിരങ്ങളുടെ കണ്ണിനും കാതിലും മേളനാദമായി പെയ്തിറങ്ങും. രാത്രി ഏഴിന് നൃത്ത നൃത്യങ്ങളും ക്ഷേത്രനടയിൽ തായന്പകയും അരങ്ങേറും. രാത്രി എഴുന്നള്ളിപ്പ് നാളെ പുലർച്ചെ 1.30ന് ആരംഭിക്കും 3.30ന് എതിരേൽപ്പും രാവിലെ ആറിന് വെടിക്കെട്ടും ഉണ്ടാകും.