കുറച്ചുദിവസം മുമ്പായിരുന്നു കൊടുങ്ങല്ലൂരില്‍ ഈ സംഭവം നടക്കുന്നത്. സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാര്‍ ഒരു മനുഷ്യനെ നഗ്നനാക്കി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചുവെന്നും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നുമായിരുന്നു കേസ്. ഉത്തരേന്ത്യന്‍ രീതിയിലുള്ള കാടമുറകള് കേരളത്തിലും വ്യാപകമാകുന്നതായി വ്യാപക വിമര്‍ശനവുമുയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ കഥയാകെ മാറിയിരിക്കുകയാണ്. കള്ളനാണെന്നു കരുതി തിരച്ചില്‍ നടത്തിയപ്പോള്‍ സമീപത്തുള്ള വീടിന്റെ അടുക്കളയില്‍ നിന്നാണ് മര്‍ദനമേറ്റ വ്യക്തിയെ പിടികൂടിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ച് പിടികൂടിയ മേനോന് ബസാര്‍ പള്ളിപ്പറമ്പില്‍ സലാമി (47)നെയാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വിവസ്ത്രനാക്കി റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
സംഭവത്തെക്കുറിച്ച് നാട്ടുകാരുടെ വിശദീകരണം ഇങ്ങനെയാണ്.-കുറെനാളുകളായി പ്രദേശത്ത് കള്ളന്മാരുടെ ശല്യം രൂക്ഷമാണ്. ഇതുകൊണ്ടുതന്നെ പ്രദേശത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മ സജീവമായി നിരീക്ഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് ഒരാള്‍ തൊട്ടടുത്തുള്ള വീടിന്റെ പുറകിലൂടെ പതുങ്ങി പോകുന്നത് കണ്ടത്. സംശയം തോന്നിയ അയല്‍വാസി സുഹൃത്തുക്കളുമായി ഈ വീട്ടിലെത്തി കാര്യം പറഞ്ഞു. എന്നാല്‍ ഇവിടെ ആരും വന്നിട്ടില്ലെന്നും സംശയമുണ്ടെങ്കില്‍ കയറിനോക്കാമെന്നും വീട്ടുകാരി ഉറപ്പിച്ചു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുപ്പക്കാര്‍ വീടു പരിശോധിച്ചപ്പോഴാണ് മര്‍ദനമേറ്റയാളെ കണ്ടെത്തുന്നത്. ഇയാള്‍ക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അവരെ കാണാന്‍ വന്നതാണെന്നുമാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ക്രൂരമായ മര്‍ദനത്തില്‍ ഇയാള്‍ക്ക് മാരകമായി പരിക്കേറ്റിരുന്നു. മൂന്നു പല്ലുകളും നഷ്ടപ്പെട്ടു. വാരിയെല്ലുകള്‍ ചെറുതായി പൊട്ടിയിട്ടുമുണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. നഗ്നനാക്കിയതിനുശേഷം മൂണ്ടുപയോഗിച്ചു കെട്ടിയിട്ടതിന്റെ വിവിധ ഫോട്ടോകളും മര്‍ദ്ദിച്ചവര്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. സലാമിന്റെ പരാതിയിന്മേല് കൊടുങ്ങല്ലൂര്‍ പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.