കൊടുങ്ങല്ലൂർ: ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ മൂലപ്രതിഷ്ഠ നടത്തിയിട്ടുള്ള ശ്രീ കുരുംബാമ്മയുടെ ക്ഷേത്രം അക്രമി അടിച്ചുതകർത്തു.
ഇന്നു പുലർച്ചെ അഞ്ചോയോടെയാണ് സംഭവം. കുരുംബാമ്മയുടെ വിഗ്രഹത്തിന്റെ കഴുത്തിനു മുകളിലുള്ള ഭാഗം ഇരുന്പുവടികൊണ്ട് അടിച്ച് തകർക്കുകയും ക്ഷേത്രത്തിന്റെ തെക്കുകിഴക്കേമൂലയിൽ ശിവലിംഗത്തെ സങ്കൽപിച്ച് സ്ഥാപിച്ചിരുന്ന കല്ല് അടർത്തിയെടുത്ത് മതിൽകെട്ടിനു പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
ക്ഷേത്രസന്നിധിയിൽ സ്ഥാപിച്ചിരുന്ന അഞ്ചു നിലകളുള്ള ഓട്ടുവിളക്ക് അക്രമി ഇളക്കി മാറ്റി. വിഗ്രഹത്തിനു ചുറ്റും വച്ചിരുന്ന നിലവിളക്കുകൾ ഓരോന്നായെടുത്ത് പലഭാഗങ്ങളിലേക്ക് എറിഞ്ഞുകളഞ്ഞു.
ഏറെ നേരത്തിനുശേഷം എണ്ണയിൽ കുളിച്ചനിലയിൽ പൂർണ നഗ്നനായി അക്രമി ദേവീവിഗ്രഹത്തിന്റെ പിൻഭാഗത്ത് ചടഞ്ഞിരിക്കുകയായിരുന്നു.
38 വയസ് പ്രായം തോന്നിക്കുന്ന ഇയാളുടെ പേരോ വിലാസമോ വിശദാംശങ്ങളോ വ്യക്തമായിട്ടില്ല. രാമചന്ദ്രൻ എന്നാണ് പേരെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പ്രാഥമിക നിഗമനം.ദർശനത്തിനെത്തിയവരും പുലർച്ചെ നടക്കാനിറങ്ങിയവരും ബഹളംവച്ച് അക്രമിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസിനും ഇയാളുടെ അടുത്തേക്ക് എത്താൻ സാധിച്ചില്ല. കൈയിൽ വലിയ ഇരുന്പുദണ്ഡുമായി അക്രമി ക്ഷേത്രവളപ്പിൽ അഴിഞ്ഞാടുകയായിരുന്നു
. ഒടുവിൽ ഇയാളെ പുറത്തിറക്കിയശേഷം പോലീസ് മുണ്ടുടുപ്പിച്ചു. അതിനിടെ ഇരുന്പുവടിയുമായി ആക്രോശിച്ച് ഇയാൾ കുരുംബാമ്മയുടെ നടയിൽനിന്നും ശ്രീകുരുംബ ഭഗവതിക്ഷേത്രം ലക്ഷ്യമാക്കി റോഡിലൂടെ നടന്നുനീങ്ങി.
അന്പതുമീറ്ററോളം സഞ്ചരിച്ച ഇയാൾ കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തിയപ്പോൾ പിൻതുടർന്നെത്തിയ പോലീസ് സംഘം രണ്ടുംകൽപിച്ച് അക്രമിയെ നേരിടുകയും മുണ്ടുകൊണ്ട് വരിഞ്ഞുമുറുക്കി കീഴ്പ്പെടുത്തുകയായിരുന്നു.
ഏറെ നേരത്തെ ബലപ്രയോഗത്തിനുശേഷമാണ് കൈകാലുകൾ ബന്ധിച്ച് അക്രമിയെ പോലീസ് ജീപ്പിൽ കയറ്റിയത്. ജീപ്പിൽ കിടന്ന ഇയാൾ പോലീസ് ജീപ്പിന്റെ പിൻഭാഗത്തെ ചില്ല് ചവിട്ടിത്തെറിപ്പിച്ചു.
ഇയാളെ പിന്നീട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് മയങ്ങാനുള്ള മരുന്നു നൽകിയാണ് ശാന്തനാക്കിയത്.അക്രമി ഇന്നലെ രാത്രിമുതൽ നഗരത്തിന്റെ പലഭാഗങ്ങളിലും അടിവസ്ത്രം മാത്രം ധരിച്ച് നടക്കുന്നതായി നാട്ടുകാർ കണ്ടിരുന്നു.
ആദ്യം ഇന്നു പുലർച്ചെ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ കയറാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ സെക്യൂരിറ്റികാർ ഇയാളെ തടഞ്ഞു. തുടർന്നാണ് കുരുംബാമ്മയുടെ നടയിലേക്കെത്തിയത്.
30 വർഷങ്ങൾക്കുമുന്പ് ഇവിടത്തെ പ്രതിഷ്ഠ മോഷണം പോയിരുന്നു. തുടർന്ന് പുന:പ്രതിഷ്ഠ നടത്തിയതായിരുന്നു തകർക്കപ്പെട്ട വിഗ്രഹം.
ക്ഷേത്രത്തിനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ നഗരസഭാ പരിധിയിൽ വിശ്വഹിന്ദുപരിഷത്ത് ഹർത്താലിന് ഇന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.