കൊടുങ്ങല്ലൂർ: ആചാരപ്പെരുമയിൽ ശ്രീകുരുംബ ഭഗവതിക്കാവിൽ കാവുതീണ്ടൽ. പതിനായിരങ്ങൾ കാവുതീണ്ടേണ്ടതിനുപകരം ഇന്നലെ പാലക്കവേലൻ മാത്രമാണു കാവുതീണ്ടിയത്. ഇന്നലെ രാവിലെ എട്ടിന് വലിയ തന്പുരാന്റെ ചുമതല വഹിക്കുന്ന ചിറക്കൽ കോവിലകത്തെ രഘുനന്ദനൻ രാജ കോട്ട കോവിലകത്തുനിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.
പരിവാരങ്ങളും പല്ലക്കും ഒഴിവാക്കി തന്പുരാൻ നാലാളുമായി നടന്നാണ് ഇത്തവണ ക്ഷേത്രത്തിലെത്തിയത്. രാജകുടുംബാഗങ്ങളടക്കം നൂറു കണക്കിന് ആളുകൾ പങ്കെടുക്കുന്ന ചടങ്ങാണ് കൊറോണ മൂലം മാറ്റിവെയ്ക്കപ്പെട്ടത്.
ക്ഷേത്ര ദർശനത്തിനുശേഷം തന്പുരാൻ പൂജകൾക്ക് അനുമതി കൊടുത്തു. ഉച്ചയോടെ തൃച്ചന്ദനച്ചാർത്ത് പൂജയ്ക്കായി നടയടച്ചു. ഏഴര നാഴിക നീണ്ടുനിൽക്കുന്ന പൂജയ്ക്കു ശേഷം നാലുമണിയോടെ ക്ഷേത്രനട തുറന്നു.
രാജാവും പരിവാരങ്ങളും ക്ഷേ ത്രത്തിനു പുറത്തുവന്നപ്പോൾ കിഴക്കെ നടയിലെ നടപ്പുരയിൽ വച്ച് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി. തന്പുരാൻ ആൽത്തറയിൽ ഉപവിഷ്ടനായി. തുടർന്ന് കോയ്മ വാസുദേവൻ പട്ടുകുട ഉയർത്തിയതോടെ പാലക്കവേലൻ ദേവീദാസൻ കാവുതീണ്ടി.
മറ്റാരെയും കാവുതീണ്ടാൻ അനുവദിച്ചില്ല. തഹസിൽദാർ കെ. രേവ, ഡെപ്യൂട്ടി കളക്ടർമാരായ എൻ.കെ. കൃപ, എം.വി.ഗിരീഷ്, ഐ. പാർവതി, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, കൊടുങ്ങല്ലൂർ സി ഐ പി.കെ. പത്മരാജൻ, എസ്ഐ ഇ.ആർ. ബൈജു, ക്ഷേത്രം മാനേജർ യഹുല ദാസ് എന്നിവർ സന്നിഹിതരായിരുന്നു.
സുരക്ഷയൊരുക്കിയ പോലീസ് അടക്കം അന്പതോളം പേരാണു ചടങ്ങിനു സാക്ഷ്യം വഹിക്കാനെത്തിയത്. ഇന്നു രാവിലെ വടക്കെ നടയിൽ കുന്പളങ്ങ ഗുരുതി നടത്തി വെന്നിക്കൊടി നാട്ടുന്നതോടെ ഭരണിയാഘോഷത്തിനു സമാപ്തിയാകും.