കൊടുങ്ങല്ലൂർ: ഇഴഞ്ഞുനീങ്ങുന്ന ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ കടകളടച്ച് പ്രതിഷേധപ്രകടനവും ധർണയും നടത്തും.ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഒഴിവാക്കാൻ സാധിക്കുന്ന ബുദ്ധിമുട്ടുകൾ അധികാരികളുടെയും കരാർ കമ്പനിയുടെയും അലംഭവം മൂലം ജനങ്ങളും വ്യാപാരികളും അനുഭവിക്കുകയാണെന്ന് കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷൻ നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ബൈപാസിലെ സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കിയാൽ നഗരത്തിലെ ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നു. വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നതുമൂലം നഗരത്തിൽ സ്ഥിരമായി ഗതാഗത സ്തംഭനവും രൂക്ഷമായ പൊടി ശല്യവുമാണ്. ഇതു മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ വരാത്ത സാഹചര്യം സംജാതമായിരിക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി.
ദേശീയ പാത 66- കൊടുങ്ങല്ലൂർ റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, ബൈപാസിലെ സർവീസ് റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക, നഗരത്തിലൂടെയുള്ള ഹെവി വാഹനങ്ങളുടെ പ്രവേശനം നിരോധിക്കുക, അപകടം ഒഴിവാക്കുന്നതിന് സൈൻ ബോർഡുകളും പാർട്ടീഷ്യൻ ബോർഡുകളും സ്ഥാപിക്കുക, ഡിവൈഎസ്പി ഓഫീസ് സിഗ്നൽ മുറിച്ചു കടക്കാൻ അണ്ടർപാസേജ് അനുവദിക്കുക, നിർമാണ പ്രവർത്തികൾ നടന്നുവരുന്ന ചന്തപ്പുരയിലും സമീപപ്രദേശങ്ങളിലുമുള്ള റോഡുകളിൽ പൊടിശല്യം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ രാവിലെ11 വരെ കടകൾ അടച്ച് സമരം നടത്തുന്നത്.
ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ടി.കെ. ഷാജി, കെ.ജെ ശ്രീജിത്ത്, പി.കെ. സത്യശീലൻ, അജിത്ത് കുമാർ, മൊഹിയുദ്ദീൻ എം.എസ്. സാജു , രാജീവൻ പിള്ള പി.ആർ ബാബു എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.