ചിങ്ങവനം: കൊടൂരാറിന്റെ മനോഹാരിതയ്ക്കു മാറ്റുകൂട്ടിയ കളത്തിൽകടവ് ഗസ്റ്റ്ഹൗസ് റോഡ് കാണികൾക്കും ഏറെ പ്രിയങ്കരമാകുന്നു. കൊല്ലാട് കഞ്ഞിക്കുഴി റോഡിലൂടെ വാഹനങ്ങളിലും കാൽനടയായും സഞ്ചരിക്കുന്നവർ കളത്തിൽ കടവിലെത്തിയാൽ ആദ്യം ശ്രദ്ധിക്കുക ഈ റോഡിന്റെ ദൃശ്യഭംഗി തന്നെ.
വളഞ്ഞൊഴുകുന്ന കൊടൂരാറിന്റെ തൊട്ടരികിലൂടെ 865 മീറ്റർ നീളത്തിലും, അഞ്ച് മീറ്റർ വീതിയിലും മണ്ണിട്ടുയർത്തി രണ്ടു വശങ്ങളും കരിങ്കല്ലിൽ കെട്ടി ഉറപ്പിച്ച് വർണടൈലുകൾ പാകിയാണ് റോഡ് നിർമിച്ചിരിക്കുന്നത്. പ്രകൃതിസൗന്ദര്യം ഏറെയുള്ള കളത്തിൽ കടവ് വഴിയോര വിശ്രമകേന്ദ്രം കൂടിയാണ്.
തണൽ മരങ്ങൾ നട്ടു വളർത്തിയും ഇരിപ്പിടങ്ങൾ സ്ഥാപിച്ചും മോടി കൂട്ടി. നിരവധി ആളുകളാണു ഇപ്പോൾ സായാഹ്നം ചെലവഴിക്കാനായി ഇവിടെയെത്തുന്നത്.
ഗസ്റ്റ്ഹൗസ് റോഡിന്റെ നിർമാണം കൂടി പൂർത്തിയായതോടെ കോട്ടയത്തുനിന്നു പനച്ചിക്കാട് പഞ്ചായത്തിലേക്കുള്ള പ്രവേശന കവാടമായ കളത്തിൽ കടവിന് ഇപ്പോൾ ഏഴഴകായി. എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വികസന ഫണ്ടിൽനിന്നും 98 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമിച്ചത്.
ഇതോടെ കഞ്ഞിക്കുഴി വഴി വരുന്ന വാഹനങ്ങൾക്ക് തിരക്കിൽപ്പെടാതെ എളുപ്പത്തിൽ നാട്ടകം ഗസ്റ്റ്ഹൗസിലെത്താം. പുന്നയ്ക്കൽ ചുങ്കം, കുന്നംപള്ളി, മുപ്പായിക്കാട് പ്രദേശങ്ങളിലുള്ളവർ അനുഭവിച്ചിരുന്ന യാത്രാക്ലേശത്തിനും പരിഹാരമായി.