കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് വന്‍ വിവാദമായി മാറുന്നതിനിടെ വടക്കന്‍ കേരളത്തിലെ സ്വര്‍ണനഗരി വീണ്ടും ‘തിളങ്ങുന്നു’.
വിദേശത്ത് നിന്ന് അനുദിനം സ്വര്‍ണം പറന്നിറങ്ങുന്ന മലബാറിന്റെ സ്വര്‍ണ നഗരിയായ കൊടുവള്ളിയാണ് വീണ്ടും ചര്‍ച്ചയായി മാറുന്നത്. അറബി അത്തറിന്റെ മണം പരത്തുന്ന വീടുകളും മഞ്ഞച്ചരടുപോല് കോര്‍ത്തുണ്ടാക്കിയ സ്വര്‍ണാഭരണ ശാലകളും നിറഞ്ഞിരിക്കുന്ന കൊടുവള്ളി രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സ്വര്ണവ്യാപാരമേഖലയാണ്.
സ്വര്‍ണക്കടത്തും ഹവാലയുമായും ബന്ധപ്പെട്ട് വലതും ചെറുതുമായ പല കേസുകളും കൊടുവള്ളിക്കാരെ ഇപ്പോഴും തേടിയെത്തുകയാണ്.
തിരുവനന്തപുരത്ത് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലും കൊടുവള്ളിക്ക് ബന്ധമുണ്ടെന്നാണ് അഭ്യൂഹം. എന്നാല്‍ ഇക്കാര്യം കസ്റ്റംസോ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സോ സ്ഥിരീകരിച്ചിട്ടില്ല.
കൊടുവള്ളിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഡിആര്‍ഐയ്ക്ക് പോലും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടില്ല. എങ്കിലും സമൂഹമാധ്യമങ്ങളിലും മറ്റും കൊടുവള്ളിയാണ് ‘പ്രതിസ്ഥാനത്തുള്ളത്’.
പത്തരമാറ്റില്‍ തിളങ്ങി നിന്നിരുന്ന കൊടുവള്ളിക്കു മേല്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസാണ് പ്രധാനമായും കളങ്കമായി മാറിയത്. 2013 -ല്‍ കൊടുവള്ളിയുടെ മേല്‍ പതിഞ്ഞ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് 2017 -ല്‍ വീണ്ടും ‘ആഢംബരകാര്‍’ കയറി ചര്‍ച്ചയായിരുന്നു.
ഇതിന് പിന്നാലെ ഇടതു -വലത് നേതാക്കളും സ്വര്‍ണക്കടത്തു കേസിലെ പ്രതികളും തമ്മിലുള്ള ബന്ധങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നു. ഇത് സ്വര്ണനഗരിയായ കൊടുവള്ളിക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ കൊടുവള്ളിക്കാരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധങ്ങളാണ് ഈ കൊച്ചു നഗരത്തെ കുപ്രസിദ്ധമാക്കുന്നത്.
100 ഓളം ജ്വല്ലറികളാണ് കൊടുവള്ളിയിലും പരിസര ഗ്രാമങ്ങളിലുമായി പ്രവര്‍ത്തിക്കുന്നത്. ഈ ജ്വല്ലറികള്‍ക്കു പുറമേ അനധികൃതമായി എത്തുന്ന സ്വര്‍ണങ്ങളാണ് കൊടുവള്ളിയെ ശ്രദേയമാക്കുന്നത്. കോഴിക്കോട്ട് മാത്രമല്ല സംസ്ഥാനത്തെ തന്നെ പ്രമുഖ ജ്വല്ലറികളിലേക്കൊക്കെ സ്വര്‍ണം എത്തിക്കുന്നത് ഇവിടുത്തെ സംഘമാണെന്നാണ് ആരോപണം. ഇതിനു പുറമേ ഹവാല പണവും കൊടുവള്ളിയിലൂടെയാണ് മറ്റിടങ്ങളിലേക്ക് ഒഴുകുന്നത്.
കൊടുവള്ളിയിലെ ഹവാല -സ്വര്‍ണക്കടത്ത് സംഘങ്ങളുടെ വേരോട്ടം യുവാക്കളിലൂടെയാണ്. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് പല യുവാക്കളും സ്വര്‍ണക്കടത്തിനും ഹവാലാ പണം വിതരണം ചെയ്യാനും തയാറാവുന്നത്. കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ പണം ലഭിക്കുന്നത് ഇതിനു പ്രചോദമാവുന്നുണ്ട്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ നികുതി വെട്ടിച്ച് കൊടുവള്ളിയിലെ കുഴല്‍പ്പണസംഘം വഴിയാണ് പലപ്പോഴും പണം നാട്ടിലെത്തിക്കുന്നത്. ഇക്കാര്യം ഇന്റലിജന്‍സിനും പോലീസിനും അറിയാമെങ്കിലും നടപടികള്‍ സ്വീകരിക്കുന്നില്ല. ഇപ്രകാരം അനധികൃത മാര്‍ഗത്തിലൂടെ ലഭിക്കുന്ന സമ്പാദ്യം കൊണ്ടുള്ള ആഢംബര ജീവിത സുഖത്തിലാണ് കൊടുവള്ളിയിലെ ഒരു വിഭാഗം.