കോഴിക്കോട്: പോലീസിനെ സഹായിക്കാനാണ് സദാചാര ഗുണ്ടകൾ നിരത്തിലിറങ്ങുന്നതെന്നും ഇത് നാടിന് ആവശ്യമാണെന്നും കൊടുവള്ളി എസ്ഐ. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാധ്യമപ്രവർത്തകനെ സദാചാര ഗുണ്ടകൾ ആക്രമിച്ച സംഭവത്തിൽ പരാതി പറയാൻ എത്തിയപ്പോണ് എസ്ഐ പി. പ്രജീഷ് അക്രമികളെ ന്യായീകരിച്ച് സംസാരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഓമശേരിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിലെ റിപ്പോർട്ടർ സുബൈർ അന്പലക്കണ്ടിയെ ആർഇസി-ഓമശേരി റൂട്ടിൽ വെണ്ണക്കോട് വച്ച് ഒരു സംഘം തടയുകയായിരുന്നു.
താൻ ഡ്യൂട്ടി കഴിഞ്ഞ് വരികയാണെന്ന് പറഞ്ഞിട്ടും സദാചാര ഗുണ്ടകൾ അശ്ലീല ചുവയോടെ സംസാരിക്കുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തു. സുബൈറിന്റെ ബൈക്കിന്റെ താക്കോൽ ഊരി വാങ്ങുകയും ചെയ്തു. കേട്ടാൽ അറയ്ക്കുന്ന തരത്തിൽ അസഭ്യ വർഷം തുടർന്നപ്പോൾ പോലീസിനെ വിളിക്കാൻ സുബൈർ ആവശ്യപ്പെട്ടു.
എന്നാൽ തങ്ങളെ ‘ഈ പണി’ പോലീസ് ആണ് തങ്ങളെ ഏൽപ്പിച്ചതെന്നും ആരെയും ചോദ്യം ചെയ്യാനും തടയാനും തങ്ങൾക്ക് അവകാശമുണ്ടെന്നുമാണ് 10അംഗസംഘം ആക്രോശിച്ചത്. പെരുന്നാൾ നോന്പ് നോക്കുന്ന സുബൈർ രാത്രി ഡ്യൂട്ടി കഴിഞ്ഞ് ഓഫീസിന് തൊട്ടടുത്തുള്ള മർക്കസ് പള്ളിയിൽ ഒരു മണിക്കൂറോളം പ്രാർഥനയിൽ മുഴുകിയതിന് ശേഷമാണ് വീട്ടിലേക്ക് മടങ്ങാറുള്ളത്.
ഇക്കാര്യവും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ പുലർച്ചെ ഇതു വഴി പോകുന്നത് മറ്റു പലതിനുമാണെന്ന് തങ്ങൾക്കറിയാമെന്ന് പറഞ്ഞായിരുന്നു ആക്രമണം. രാത്രിയിൽ ഈ വഴി വരുന്നത് ഇനി ശ്രദ്ധയിൽപ്പെട്ടാൽ ഇതായിരിക്കില്ല അനുഭവമെന്നും ഇവർ ഭീഷണിപ്പെടുത്തി.
എന്നാൽ രാത്രി ഡ്യൂട്ടി ഉള്ളടുത്തോളം കാലം താൻ ഈ സമയത്ത് യാത്ര ചെയ്യുമെന്ന് പറഞ്ഞ സുബൈറിനോട് വീണ്ടും ഇവർ അസഭ്യം പറയുകയായിരുന്നു. സംഭവം രാത്രി തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് സുബൈർ പറയുന്നു. ഇതേ തുടർന്ന അടുത്ത ദിവസം രാവിലെ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് സദാചാര ഗുണ്ടകളെ തങ്ങൾ നിയോഗിച്ചതാണെന്ന ന്യായീകരണവുമായി എസ്ഐ എത്തിയത്.
ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായാണ് സദാചാര പോലീസിനെ കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. ഇവർക്കായി പ്രത്യേക ക്ളാസും നൽകിയിട്ടുണ്ട്. അതിനാൽ ഇത്തരം ചോദ്യം ചെയ്യലുകൾ സ്വാഭാവിക നടപടിയാണെന്ന് പരാതി ബോധിപ്പിക്കാൻ എത്തിയത സുബൈറിനോട് എസ്ഐ പറഞ്ഞു.
സ്റ്റേഷനിൽ ആവശ്യത്തിന് ആൾബലം ഇല്ലാത്തതിനാൽ ഇത്തരം സേവനങ്ങൾ പലപ്പോഴും പോലീസിന് ഉപകാരപ്രദമാണെന്നും എസ്ഐ സുബൈറിനോട് പറഞ്ഞു. പോലീസിന് എപ്പോഴും എല്ലായിടത്തും എത്തിപ്പെടാൻ സാധിക്കില്ല. ഞങ്ങൾക്ക് ചെയ്യാൻ കഴിയാത്ത ജോലികൾ ഇവർ തന്നെയാണ് ചെയ്യാറുള്ളതെന്നും എസ്ഐ പറഞ്ഞു. എന്നാൽ കേസെടുക്കാൻ കഴിയില്ലെങ്കിൽ അക്രമികൾ തന്നോട് മാപ്പ് പറയണമെന്ന് സുബൈർ ആവശ്യപ്പെട്ടപ്പോൾ അതിനു പോലും പോലീസ് വിസമ്മതിച്ചു.
ഇത് മാപ്പ് പറയത്തക്ക വിഷയമല്ലെന്നും താങ്കൾ ഇനി ശ്രദ്ധിച്ചാൽ മതിയെന്നുമാണ് എസ്ഐ മറുപടി പറഞ്ഞത്. വിഷയം സംസാരിച്ച് തീർക്കുന്നതാണ് നല്ലതെന്ന ഉപദേശവും പോലീസ് നൽകി. മാത്രവുമല്ല പരാതി ബോധിപ്പിക്കാൻ സ്റ്റേഷനിലെത്തിയ സുബൈറിനെ അക്രമികളുടെ മുന്നിൽ വച്ച് അപമാനിക്കുകയും ചെയ്തു.
അക്രമികളുടെ രാത്രി കാവൽ തുടരണമെന്ന് സുബൈറിന് മുന്നിൽ വച്ച് എസ്ഐ നിർദേശവും നൽകി. എന്നാൽ പരാതി സ്വീകരിച്ച എസ്ഐ കേസിന്റെ തുടർ നടപടിക്ക് മുക്കം സ്റ്റേഷനിൽ വീണ്ടും പരാതി നൽകാനാണ് സുബൈറിനോട് ആവശ്യപ്പെട്ടത്. പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച സുബൈർ ഇന്ന് രാവിലെ മുക്കം സ്റ്റേഷനിൽ പരാതി ബോധിപ്പിക്കാൻ എത്തുമെന്നും അറിയിച്ചു.