സ്വന്തം ലേഖകന്‍
കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തില്‍ മരിച്ചവരുള്പ്പെടെയുള്ള ചെറുപ്പളശേരി സംഘം വിമാനത്താവളം വഴി എത്തിച്ച കള്ളക്കടത്ത് സ്വര്‍ണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി നിഗമനം.
കൊടുവള്ളി കേന്ദ്രീകരിച്ച് എത്തിയ സ്വര്‍ണമാണ് ചെറുപ്പളശേരി സംഘത്തിന്റെ അകമ്പടിയോടെ ലക്ഷ്യസ്ഥാനത്ത് എത്തിയത്.
സ്വര്‍ണം കൊണ്ടുപോയത് വലിയ ടോറസ് ലോറിയിലാണെന്നും ചില സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. സാഹചര്യ തെളിവുകളും മറ്റും അടിസ്ഥാനമാക്കി നോക്കുമ്പോള്‍ ഇത് ഏറെകുറേ ശരിവയ്ക്കുന്നതാണ്.
എന്നാല്‍ സ്വര്‍ണം കടത്തിയെന്നത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം അകമ്പടിയായുള്ള വാഹനത്തിലെ ചിലരുടെ മൊഴിയില്‍ നിന്നും സ്വര്‍ണം കടത്തിയെന്ന സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ അന്വേഷിക്കാനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല.
അപകടത്തില്‍പ്പെട്ട ബൊലേറോ ജീപ്പിനുള്ളില്‍ ഗള്‍ഫില്‍ നിന്നെത്തിച്ച അത്തിപ്പഴവും മറ്റു വസ്തുക്കളുമുണ്ടായിരുന്നു. കൂടാതെ മദ്യകുപ്പിയും മിസ്ചറും കണ്ടെത്തിയിരുന്നു.
സ്വര്‍ണം പിടികൂടിയതറിഞ്ഞ് മടങ്ങുന്ന സംഘമാണെങ്കില്‍ വിദേശത്ത് നിന്നെത്തിച്ച ഭക്ഷ്യവസ്തുക്കള്‍ എങ്ങനെ വാഹനത്തിനകത്തെത്തി എന്ന സംശയമാണുയരുന്നത്.
ഈ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വര്‍ണം ഭദ്രമായി എത്തിച്ച ശേഷം തിരിച്ചുവരുന്നതിനിടെ അപകടം നടന്നതാവാമെന്ന നിഗമനത്തില്‍ പോലീസ് നിലനില്‍ക്കുന്നത്.
അപകടത്തില്‍പ്പെട്ട വാഹനത്തിനകത്ത് മദ്യം കണ്ടതും ഈ സാധ്യതകള്‍ ബലപ്പെടുത്തുന്നതാണ്. ഓപ്പറേഷന് വിജയിച്ചതിനെ തുടര്‍ന്ന് ലഭിച്ച മദ്യമാവാം വാഹനത്തിലുണ്ടായിരുന്നതെന്നും സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
അതേസമയം തിങ്കളാഴ്ച വിമാനത്താവളത്തിലെത്തില്‍ എത്തിച്ച 2.33 കിലോഗ്രാം സ്വര്‍ണവുമായി മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ എയര്‍ഇന്റലിജന്‍സ് പിടികൂടിയിരുന്നു.
കൊടുവള്ളി സംഘത്തിനായി എത്തിച്ച ഈ സ്വര്‍ണം കവര്‍ച്ച ചെയ്യാനാണ് ചെറുപ്പളശേരി സംഘം എത്തിയതെന്നാണ് പറയുന്നത്. ഷഫീഖിനെ പിടികൂടിയതറിഞ്ഞതോടെ സ്വര്‍ണം വാങ്ങാനായെത്തിയ കൊടുവള്ളി സംഘം മടങ്ങി.
ഈ സംഘം സ്വര്‍ണവുമായാണ് പോകുന്നതെന്ന് തെറ്റിദ്ധരിച്ചാണ് ചെറുപ്പളശേരി സംഘം പിന്തുടര്ന്നത്. എന്നാല്‍ രാമനാട്ടുകരയില്‍ വച്ച് സ്വര്‍ണം പിടികൂടിയ വിവരം അറിഞ്ഞതോടെ ഇവര്‍ തിരിച്ചുവരികയും അതിനിടെ അപകടത്തില്പ്പെടുകയുമാണെന്നാണ് പറയുന്നത്.
കൂടാതെ കരിപ്പൂരില്‍ വച്ച് ഇരു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു. ഈ വിധത്തിലുള്ള കഥകളാണിപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ ദുരൂഹതകള്‍ അനവധിയുണ്ടെന്നാണ് പോലീസുകാര്‍ പറയുന്നത്.
ആദ്യഘട്ടത്തില്‍ തന്നെ സ്വര്‍ണം ലക്ഷ്യസ്ഥാനത്ത് എത്തിച്ച് തിരിച്ചുവരുന്നതിനിടെയുണ്ടായ അപകടമെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ പിന്നീടാണ് കവര്ച്ചാസംഘമാണെന്ന വാദം ഉന്നയിക്കുന്നത്. ഇതോടെ പുലര്‍ച്ചെ പിടികൂടിയ സ്വര്‍ണവുമായി ബന്ധപ്പെടുത്തുകയുമായിരുന്നു.
ടോറസില്‍ സ്വര്‍ണക്കടത്ത് ?
സ്വര്‍ണം കടത്താന്‍ ടോറസ് ഉപയോഗിച്ചുവെന്ന സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. അകമ്പടിയായി പോയ വാഹനത്തിലുള്ള ചിലര്‍ ടോറസുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പറഞ്ഞിരുന്നു.
എന്നാല്‍ സ്വര്‍ണം ടോറസില്‍ കടത്തുകയെന്നത് ഇതുവരേയും ഉണ്ടായിട്ടില്ലെന്നാണ് പോലീസും വിവിധ രഹസ്യാന്വേഷണ ഏജന്‍സികളും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും പറയുന്നത്.
അതേസമയം കാറിലും മറ്റും സാധാരണ കൊണ്ടുപോവുന്ന രീതി തുടര്‍ന്നാല്‍ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. കവര്‍ച്ചാസംഘത്തിന്റെ കണ്ണുവെട്ടിക്കാനും ടോറസ് ഉപയോഗിക്കാം.
പോലീസിന്റെ വാഹനപരിശോധനയില്‍ ഒരിടത്തുപോലും ടോറസ് പരിശോധിക്കാറില്ല. ഈ സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് ടോറസ് ഉപയോഗിച്ചതാവാമെന്നും സംശയമുണ്ട്.