കെ.ഷിന്റുലാല്‍
കോഴിക്കോട്: വിദേശത്തുനിന്ന് അനധികൃത സ്വര്‍ണം രാജ്യത്തേക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കൊടുവള്ളിസംഘത്തിന്റെ വേരറുക്കാന്‍ കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ രംഗത്ത്.
വര്‍ഷങ്ങളായി സ്വര്‍ണക്കടത്തിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന കൊടുവള്ളിയിലേക്ക് ഒരേ സമയമാണ് ഒന്നിലേറെ ഏജന്‍സികള്‍ അന്വേഷണവുമായി എത്തുന്നത്. ഇതോടെ കള്ളക്കടത്ത് സംഘങ്ങളും ആശങ്കയിലായി.
നാലു സംഘം
രാമനാട്ടുകരയില്‍ സ്വര്ണക്കവര്ച്ചാശ്രമത്തിനിടെ അഞ്ചുപേര്‍ മരിച്ചതോടെയാണ് കൊടുവള്ളി സംഘത്തിലേക്ക് വീണ്ടും അന്വേഷണം എത്തിയത്. ഇത്തവണ സംസ്ഥാന പോലീസിന്റെ മാത്രം നാലു വിഭാഗങ്ങളാണ് കൊടുവള്ളി ലക്ഷ്യമാക്കിയിറങ്ങിയിട്ടുള്ളത്.
കൂടാതെ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കൊടുവള്ളി കള്ളക്കടത്ത് സംഘത്തിനു പിന്നാലെയുണ്ട്. രാമനാട്ടുകര സ്വര്ണകവര്ച്ചാശ്രമം അന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പി കെ.അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം, മൂന്നുവര്‍ഷം മുമ്പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട യുവാവിനെ തട്ടികൊണ്ടുപോയ കേസ് അന്വേഷിക്കുന്ന കോഴിക്കോട് ട്രാഫിക് അസി.കമ്മീഷണര്‍ എ.സി. ബാബു, സ്വര്‍ണകവര്‍ച്ചയും തട്ടികൊണ്ടുപോകലും അന്വേഷിക്കുന്ന സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ എസ്പി കെ.വി.സന്തോഷ്, സ്വര്‍ണക്കടത്തിന് പിന്നിലെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നീ വിഭാഗങ്ങളാണ് കൊടുവള്ളി സംഘത്തിന്റെ ചുരുളഴിക്കാനെത്തുന്നത്.
ഇതിന് പുറമേയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യൂ വിഭാഗവും കൊടുവള്ളി സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
സൂഫിയാൻ സംഘം
രാമനാട്ടുകര അപകടത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണം വിദേശത്ത് നിന്നെത്തിച്ചതു വാവാട് സ്വദേശി ടി.കെ.സൂഫിയാന്റെ സംഘമാണെന്നാണ് കണ്ടെത്തിയത്. ചെറുപ്പളശേരിയിലെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായവും കൊടുവള്ളി സംഘം തേടിയിരുന്നു.
ഈ കേസാണ് കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കുന്നത്. സൂഫിയാനെയും കൂട്ടാളികളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതുവരെ 17 പേരെ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വര്‍ണക്കവര്‍ച്ചകളും തട്ടികൊണ്ടുപോകലുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രധാന കേസുകളാണ് ക്രൈംബ്രാഞ്ചും പരിശോധിക്കുന്നത്.
വിദേശത്തുനിന്നു സ്വര്‍ണം കൂടുതലായും എത്തിക്കുന്നത് കൊടുവള്ളി സംഘമാണ്. കവര്‍ച്ചയ്ക്കും തട്ടികൊണ്ടുപോകലിനും പിന്നില്‍ കൊടുവള്ളി സംഘത്തിന്റെ പങ്കും പല കേസുകളിലും വ്യക്തമാണ്.
ഈ സാഹചര്യത്തില്‍ കൊടുവള്ളിയിലെ കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.കൂടാതെ കുന്നമംഗലം സ്വദേശിയായ യുവാവിനെ തട്ടികൊണ്ടുപോകലുമായി ബന്ധപ്പെട്ട് 2018 ല്‍ രജിസ്റ്റര്‍ ചെയ്ത കേസും എത്തി നില്ക്കുന്നതു സ്വര്‍ണക്കടത്തിലേക്കും കൊടുവള്ളി സംഘത്തിലേക്കുമാണ്.
ട്രാഫിക് അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം കൊടുവള്ളി സ്വദേശി അബൂബക്കറിനെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസം അബൂബക്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇതുവഴി കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ചു കൂടുതൽ വിവരം കിട്ടുമെന്നാണ് പ്രതീക്ഷ.
കസ്റ്റംസും രംഗത്ത്
കരിപ്പൂര്‍വഴി എത്തിച്ച കോടികളുടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം നടത്തുന്നത്. അര്ജുന് ആയങ്കിയുമായി ബന്ധപ്പെട്ടും കൊടുവള്ളി വാവാട് സ്വദേശിയുമായ സൂഫിയാനുമായി ബന്ധപ്പെട്ടുമുള്ള അന്വേഷണമാണ് കസ്റ്റംസ് നടത്തുന്നത്.
വിദേശത്തുനിന്നു സ്വര്‍ണം കരിപ്പൂരില്‍ എത്തിച്ചതു സൂഫിയാന്റെ സംഘമായിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസും കൊടുവള്ളി സംഘത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കൂടാതെ അര്ജുന് പലതവണ കൊടുവള്ളി സംഘത്തിന്റെ സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ട്.
ഇക്കാര്യവും കസ്റ്റംസ് അന്വേഷിക്കും. 2017 ല്‍ ശതകോടിയുടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു ടി.കെ. സൂഫിയാനെതിരേ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ സൂഫിയാന് ഇടപെട്ട ഇപ്പോഴത്തെ കേസും ഡിആര്‍ഐ പരിശോധിക്കും.