കോഴിക്കോട്: കൊടുവള്ളി സ്വര്‍ണക്കടത്ത് കേസിലെ രണ്ടു പ്രതികള്‍ളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കും. ഏഴു ദിവസത്തിനുള്ളില്‍ സംസ്ഥാന പോലീസ് മേധാവി മുമ്പാകെ ഹാജരാകണമെന്ന് സെന്‍ട്രല്‍ എക്കണോമിക്സ് ഇന്റലിജന്‍സ് ബ്യൂറോ വിജ്ഞാപനമിറക്കിയിട്ടും പ്രതികള്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നത്.
കോഫെപോസെ ചുമത്തി ഒളിവില്‍ കഴിയുന്ന കിഴക്കോത്ത് ആവിലോറ സ്വദേശി ഷമീര്‍ അലി, കൊടുവള്ളി വാവാട് സ്വദേശി സൂഫിയാന് എന്നിവര്‍ക്കെതിരെയാണ് ഇക്കഴിഞ്ഞ മെയ് 21ന്
സിഇഐബി ജോയിന്റ് സെക്രട്ടറി വിഞ്ജാപനമിറക്കിയത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവര്‍ക്കുമെതിരേ കോഫെപോസെ ചുമത്തിയിരുന്നത്. 2018 ഓഗസ്റ്റില്‍ കൊടുവള്ളി നീലേശ്വരം നൂഞ്ഞിക്കര നസീം, സഹോദരന് തഹീം എന്നിവരുടെ വീട്ടില്‍നിന്ന് സ്വര്‍ണം ശുദ്ധീകരിക്കുന്ന അഞ്ച് ഫര്‍ണസും 570 കിലോഗ്രാം സ്വര്‍ണം ശുദ്ധീകരിച്ചു നല്‍കിയതിന്റെ രേഖകളും മൊബൈല്‍ വിശദാംശങ്ങളും ഡിആര്‍ഐ പിടിച്ചെടുത്തതോടെയാണ് സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ പുറത്തായത്.
സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച ഉള്‍വസ്ത്രങ്ങള്‍, രണ്ടര ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതം എന്നിവയും ഇവിടെനിന്നു ലഭിച്ചിരുന്നു. ഇതിനു പുറമെ 20 കിലോ സ്വര്‍ണം കള്ളക്കടത്തു നടത്തിയെന്ന് തഹീമും നസീമും മൊഴി നല്‍കിയതായാണ് ഡിആര്‍ഐ സാമ്പത്തിക കുറ്റവിചാരണക്കോടതിയെ അറിയിച്ചത്.
നസീം, തഹീം ബന്ധുവായ മാനിപുരം സ്വദേശി യു.വി.ഷാഫി, വാവാട് സ്വദേശി ടി.കെ.സൂഫിയാന് എന്നിവരെയും കാരിയറായ നരിക്കുനി സ്വദേശി ഇഹ്ലാസിനെയും കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തിരുന്നു.
ജാമ്യത്തിലിറങ്ങിയ സൂഫിയാന് കോഫെപോസെ ഉത്തരവ് പുറപ്പെടുവിച്ചതറിഞ്ഞ് നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. ഷമീര്‍ അലിയ്ക്കെതിരെ നേരത്തെ ഡിആര്‍ഐ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ട്. കേസില്‍ കോഫെപോസെ ചുമത്തപ്പെട്ട അഞ്ചു പ്രതികളില്‍ തഹീം, നസീം, ഷാഫി എന്നിവര്‍ നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാണ്.
താമരശ്ശേരി സ്വദേശി ഷറഫുദ്ദീന്, സഹോദരന് അബ്ദുല്‍ ഗഫൂര്‍, ആവിലോറ സ്വദേശി ഷമീര്‍ അലി എന്നിവരുടെ പങ്ക് വ്യക്തമായതോടെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. കൊടുവള്ളി സ്വദേശികളായ അല്‍ അമീന്, മുഹമ്മദ് ഷമീര്‍ , ഷിഹാബുദ്ദീന്, മുജീബ് റഹ്മാന് , ഷിഹാദ് അലി, കണ്ണൂര്‍ സ്വദേശി സഹദ് എന്നിവരും കേസില്‍ പ്രതികളാണ്.