കോഴിക്കോട്: നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി സംഘത്തിന്റെ പങ്കിനെ കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയും (ഐബി) അന്വേഷിക്കുന്നു. കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, ദേശീയ അന്വേഷണ ഏജന്‍സി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയ്ക്ക് പുറമേയാണ് ഐബിയും രഹസ്യാന്വേഷണം നടത്തുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ്നായരുടെ ഭാര്യയുടെ മൊഴിയില്‍ കൊടുവള്ളിയിലെ ജനപ്രതിനിധികളായ കാരാട്ട് ഫൈസലിന്റെയും കാരാട്ട് റസാഖിന്റെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഇരുവരുടേയും പൂര്‍വ ബന്ധങ്ങളും ഇപ്പോഴുള്ള ബന്ധങ്ങളുമെല്ലാം വിശദമായി നിരീക്ഷിക്കുന്നത്. കസ്റ്റംസിന് മുമ്പാകെ സന്ദീപ്നായരുടെ ഭാര്യ മൊഴി നല്കി മാസങ്ങള്‍ക്ക് ശേഷമാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.
ഇക്കാലയളവിനുള്ളില്‍ ഫൈസലിനെക്കുറിച്ച് ഐബി വിവരങ്ങള്‍ ശേഖരിച്ച് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പുറമേ കാരാട്ട് റസാഖ് എംഎല്‍എയെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.
സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുണ്ടായിരുന്ന ബിസിനസുകളെ കുറിച്ചായിരുന്നു പ്രധാനമായും ഐബി പരിശോധിച്ചത്. ചില നിര്‍ണായക വിവരങ്ങള്‍ ഇതിനകം കേന്ദ്രസര്‍ക്കാറിന് കൈമാറിയതായാണ് സൂചന.
കാരാട്ട് റസാഖ് എംഎല്‍എക്കെതിരേ മൊഴിയുണ്ടായിട്ടും കസ്റ്റംസ് നടപടി സ്വീകരിച്ചിട്ടില്ല. എല്ലാതെളിവുകളും ശേഖരിച്ച ശേഷം ജനപ്രതിനിധികളെ കസ്റ്റഡിയിലെടുക്കാനായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
ഇതിന് മുന്നോടിയായാണ് കാരാട്ട് റസാഖിനെ കുറിച്ചുള്ള വിവരങ്ങള്‍ ഐബി ശേഖരിച്ചതെന്നാണ് സൂചന. കാരാട്ട് ഫൈസലും റസാഖും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഐബി അന്വേഷിച്ചിരുന്നു.
ഇത് സംബന്ധിച്ചുള്ള വിവരങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നാണറിയുന്നത്. അതിനിടെയാണ് റസാഖുമായുള്ള ബന്ധം സംബന്ധിച്ച രേഖകകള്‍ പുറത്താവുന്നത്.