കൊടുവായൂർ: വാഹനാപകടങ്ങൾ പതിവായ കൊടുവായൂർ വളവുറോഡ് വീതികൂട്ടി പുനർനിർമാണം തുടങ്ങി. നൊച്ചൂർ വളവിൽനിന്നും പുതുനഗരം റോഡിലേക്കുള്ള ഇരുന്നൂറുമീറ്റർ റോഡാണ് വീതികൂട്ടി ഗതാഗതസൗകര്യം വർധിപ്പിക്കാനുള്ള ജോലി പുരോഗമിക്കുന്നത്.പാലത്തിനു വടക്കുഭാഗത്ത് പത്തുമീറ്ററോളം വീതി വർധിപ്പിച്ചാണ് റോഡ് വികസനം. നിർമാണം പൂർത്തിയായാൽ ഇരുവശത്തുനിന്നുള്ള വാഹനസഞ്ചാരവും സുഗമമാകും.
മുൻകാലങ്ങളിൽ നൊച്ചൂർ വളവിൽ നടന്ന വാഹനാപകടങ്ങളിൽ പതിനഞ്ചിലേറെ മരണങ്ങളുണ്ടായിട്ടുണ്ട്. കൊടുവായൂരിൽനിന്നും കിഴക്കേത്തലയിൽ എത്തുന്ന റോഡ് എസ് ആകൃതിയിലുള്ള കൊടുംവളവാണ്. ഇതിനു പുറമേ തിരിവുറോഡിൽ എതിർവശത്തു വരുന്ന വാഹനങ്ങൾക്ക് മാർഗതടസമായി കെട്ടിടങ്ങളുമുണ്ട്. ഇക്കാരണത്താലാണ് നൊച്ചൂർ വളവിൽ അപകടങ്ങൾ പതിവാകുന്നത്.
പൊള്ളാച്ചി-തൃശൂർ അന്തർസംസ്ഥാന പാതയായതിനാൽ വിനോദ സഞ്ചാര വാഹനങ്ങൾക്കു പുറമേ നൂറുക്കണക്കിനു ചരക്കുവാഹനങ്ങൾ തുടർച്ചയായി സഞ്ചരിക്കുന്ന പാതയിലാണ് അപകടം പതിവാകുന്നത്.തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു പോകുന്ന ആംബുലൻസും അപകടത്തിൽപെട്ടിരുന്നു. വീതികൂട്ടൽ പ്രക്രിയ പൂർത്തിയായാൽ സുരക്ഷിത വാഹനസഞ്ചാരത്തിനും സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.