കൊടുവായൂർ: കോടികൾ ചിലവഴിച്ച് രണ്ടു വർഷം മുന്പ് നിർമ്മിച്ച് ഉദ്ഘാടനം കഴിച്ച കൊടുവായൂർ ബസ് സ്റ്റാൻഡിൽ ബസുകൾ കയറാത്തതിനാൽ കുഞ്ഞുങ്ങളുമായി സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ റോഡിലാണ് ബസ് കാത്തുനിൽക്കുന്നത്. വെയിലത്തും മഴയത്തും റോഡിൽ ബസ് കാത്തുനിൽക്കുന്നത് അപകട ഭീഷണിയായിരിക്കുകയാണ്.
നിലവിൽ സ്റ്റാൻഡ് സ്വകാര്യ വാഹന പാർക്കിനു വേണ്ടി മാത്രമാണ് ഉപയോഗിച്ചു വരുന്നത്. സ്റ്റാൻഡിൽ നിന്നും വാഹനങ്ങൾ റോഡിലേക്കു വരുന്ന വഴിയും തകർന്നിട്ടുണ്ട്. മുൻ എംപി പി.കെ ബിജുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് മികച്ച രീതിയിൽ സ്റ്റാൻഡ് നിർമ്മിച്ചിരിക്കുന്നത്.
കൊടുവായൂർ എത്തുന്ന മുഴുവൻ ബസ്സുകളും സ്റ്റാൻഡിൽ കയറിയിറങ്ങണമെന്നാണ് നിബന്ധനയെങ്കിലും ഇത് ബസ് ജീവനക്കാർ പാലിക്കാറുമില്ല. ബസ്സ് സ്റ്റാൻഡിനു എതിർ വശത്താണ് 2000 ത്തിലധികം വരുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ: ഹൈസ്ക്കൂൾ പ്രവർത്തി ക്കുന്നതു്.
വൈകുന്നേരങ്ങളിൽ റോഡരികിൽ ബസ് കാത്തു നിൽക്കുന്നത് തീർത്തും സുരക്ഷയില്ലാത്ത സ്ഥലത്താണ്.
ബസ്സുകൾ സ്റ്റാൻഡിൽ കയറാൻ പഞ്ചായത്ത് മറ്റും പോലീസ് അധികൃതരുടെ ഇടപെടൽ ഉണ്ടാവണമെന്നതാണ് യാത്രക്കാരുടെ ആവശ്യം .