കോട്ടയം: സംസ്ഥാനത്ത് ലോക്ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ജില്ലയിൽ എല്ലാ ദിവസങ്ങളിലും തുറന്നു പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിട നിർമാണ സാധനങ്ങൾ വിൽക്കുന്ന കടകളുടെ പ്രവർത്തന സമയം ആഴ്ചയിൽ ഒരു ദിവസമാക്കി ചുരുക്കിയ നട പടി പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
കളക്്ടറുടെ ഉത്തരവ് അറിയാതെ കട തുറന്ന വ്യാപാരികളിൽനിന്നും പോലീസ് പിഴ ഈടാക്കുകയും കടകൾ അടപ്പിക്കുകയും ചെയ്തതിൽ യോഗം പ്രതിഷേധിച്ചു.
ഇതു മൂലം നിർമാണ പ്രവർത്തനങ്ങൾക്കു തടസം നേരിടുകയും തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
മറ്റു പല വിഭാഗം കടകൾക്കും ആഴ്ചയിൽ മൂന്നു ദിവസം തുറക്കാൻ അനുമതി നൽകിയിട്ടും ആയിരക്കണക്കിനു പേർക്ക് തൊഴിൽ നൽകുന്ന നിർമാണമേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ തീരുമാനമെന്ന് യോഗം കുറ്റപ്പെടുത്തി.
നിർമാണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനായി കെട്ടിട നിർമാണ സാധനങ്ങൾ വിൽക്കുന്ന കടകൾ പഴയതുപോലെ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്നതിനു അനുവാദം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി മുതുപുന്നക്കൽ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, ഭാരവാഹികളായ മുജീബ് റഹ്മാൻ, മാത്യു ചാക്കോ, പി.സി. അബ്ദുൾ ലത്തീഫ്, വി.സി. ജോസഫ്, കെ.ജെ. മാത്യു, ടി.കെ. രാജൻ, കെ.എ. വർഗീസ്, ഫിലിപ്പ് മാത്യു തരകൻ തുടങ്ങിയവർ പങ്കെടുത്തു.