കൊച്ചി: യുവാവിനെ മർദിച്ച് അവശനാക്കിയശേഷം കാറിൽ തട്ടിക്കൊണ്ടു പോകുന്നതിനിടെ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിത്തരിച്ച് കൊച്ചി. ഒരിടവേളയ്ക്കുശേഷം ഇത്തരം സംഘങ്ങൾ തലപ്പൊക്കുന്നത് ശ്രദ്ധയോടെ വീക്ഷിച്ച് പോലീസും.പണത്തിനും മറ്റുമായി ആളുകളെ തട്ടിക്കൊണ്ടുപോകുന്ന സംഘം മുന്പ് കൊച്ചിയിൽ വ്യാപകമായിരുന്നെങ്കിലും പോലീസിന്റെ കർശന പരിശോധനകളുടെയും നടപടികളുടെയും ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾ പിന്നീട് കേട്ടിരുന്നില്ല.
എന്നാൽ, ഇതെല്ലാം തകിടം മറിയ്ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന സംഭവം. മനുഷ്യമനസാക്ഷിയെ ഞെട്ടിക്കും വിധമുള്ള കൊലപാതകമാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 3.30ന് കൊച്ചിൻ ഷിപ്പ് യാർഡിന്റെ പുതിയ കെട്ടിടത്തിനു സമീപം നടന്നത്. യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിനിടെ സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ വീഡിയോ അടക്കമുള്ള കൂടുതൽ വിവരങ്ങളും പുറത്തുവരുന്നുണ്ട്.
എറണാകുളം കുന്പളങ്ങി സ്വദേശിയായ എ.ജെ. തോമസിനെ (59) കൊലപ്പെടുത്തിയ സംഭവത്തിൽ കൊച്ചി പാണ്ടിക്കുടി തൈപ്പറന്പിൽ ലൂതർ ബെൻ (30), കൊച്ചി നസ്റേത്ത്, പീടികപറന്പിൽ ഡാനി എന്നു വിളിക്കുന്ന ജോണ് പോൾ (33) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിൽ പിടിയിലായ പ്രതികൾക്കെതിരേ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുള്ളതായി പോലീസ് വ്യക്തമാക്കുന്നു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായ ഇവർക്കെതിരേ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലും മറ്റ് പോലീസ് സ്റ്റേഷനുകളിലുമായി കഞ്ചാവ് കടത്ത്, വാഹന മോഷണം, ചിട്ടിത്തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പെരുന്പാവൂർ സ്വദേശിയായ വിനീതിനെ മുൻവൈര്യാഗ്യത്തെത്തുടർന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തശേഷം കൂടുതലായി അഞ്ചു ലക്ഷം രൂപകൂടി ആവശ്യപ്പെട്ട് വിനീതിന്റെ തന്നെ കാറിൽ തട്ടിക്കൊണ്ടുപോകാൻ പ്രതികൾ ശ്രമിക്കുകയായിരുന്നു.
ഷിപ്പ് യാർഡിന്റെ പുതിയ കെട്ടിടത്തിനു സമീപം പോലീസ് വാഹന പരിശോധന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതികൾ കാറിന്റെ വേഗം കുറക്കവേ തന്ത്രപരമായി ഡോർ തുറന്നു പുറത്തേക്കു ചാടി വിനീത് രക്ഷപ്പെട്ടു. വിനീത് കാറിൽനിന്ന് ചാടിയതോടെ അമിത വേഗത്തിൽ പോകാൻ ശ്രമിക്കുകയും ഈ സമയം തോമസിന്റെ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽനിന്നു റോഡിൽ വീണ തോമസിൻറെ കഴുത്തിലും തലയിലുമായി കാർ കയറിയിറങ്ങി. ഈ സമയം പോലീസ് വാഹനത്തിനടത്ത് നിരവധി ഇരുചക്ര വാഹന യാത്രികർ പരിശോധനകളുടെ ഭാഗമായി നിൽക്കുന്നതും വീഡിയോയിൽ കാണാം. അപകടത്തെത്തുടർന്ന് ഞെട്ടിത്തരിച്ച ഇവരെല്ലാം ഒരു നിമിഷം നടുങ്ങിയെങ്കിലും ഒരു കൂസിലുമില്ലാതെ കാർ മുന്നോട്ട് വേഗത്തിൽ ഓടിച്ചുപോകുന്നതും വീഡിയോയിൽ വ്യക്തം.
ഗുരുതരമായി പരിക്കേറ്റ തോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ ഒന്നോടെ മരിച്ചു. സംഭവത്തെത്തുടർന്ന് പോലീസ് അന്വേഷണം വ്യാപിപിക്കവേ തട്ടിയെടുത്ത കാർ ഉപേക്ഷിച്ച് മറ്റൊരു കാറിൽ പ്രതികൾ ചാലക്കുടിയിലേക്കും അവിടെനിന്നു രാത്രിയോടെ പാലക്കാട്ടേക്കും കടന്നതായി വ്യക്തമാകുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇന്നലെ പുലർച്ചേ അഞ്ചോടെ ഇരുവരെയും ഒളിച്ചു താമസിച്ചിരുന്ന ഹോംസ്റ്റേയിൽനിന്നു പിടികൂടുകയായിരുന്നു.
സബ് ഇൻസ്പെക്ടർ എൻ.എസ്. റോയി, എഎസ്ഐ അനിൽകുമാർ, എസ്സിപിഒ അനിൽകുമാർ, സിപിഒമാരായ മഹേഷ്, പ്രശാന്ത്, അനിൽ, സുരേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.