മാഞ്ചസ്റ്റർ: ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 11,000 റണ്‍സ് എന്ന ചരിത്ര നേട്ടം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ് ലി സ്വന്തമാക്കി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുള്ള റിക്കാർഡാണ് കോഹ് ലി മറികടന്നത്. 276 ഇന്നിംഗ്സിൽനിന്നായിരുന്നു സച്ചിൻ 11,000 റണ്‍സ് തികച്ചത്.
എന്നാൽ, 222-ാം ഇന്നിംഗ്സിൽ കോഹ്ലി ഈ നേട്ടത്തിലെത്തി. പാക്കിസ്ഥാനെതിരായ മത്സരത്തിൽ വ്യക്തിഗത സ്കോർ 57ൽ എത്തിയപ്പോഴായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ ഏകദിനത്തിൽ 11,000 തികച്ചത്.
ചിരവൈരികളായ പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിലാണ് ഈ നേട്ടമെന്നത് കോഹ്ലിയുടെ നാഴികക്കല്ലിനു തിളക്കം വർദ്ധിപ്പിക്കുന്നു. വേഗത്തിൽ 8000 (175 ഇന്നിംഗ്സ്), 9000 (194 ഇന്നിംഗ്സ്), 10000 (205 ഇന്നിംഗ്സ്) റണ്‍സ് തികച്ച റിക്കാർഡുകളും കോഹ്ലിയുടെ പേരിലാണ്.