മുംബൈ: പോസിറ്റീവ്, കോവിഡ്-19 മഹാമാരിയുടെ രംഗപ്രവേശനത്തിൽ പുറത്താക്കപ്പെട്ട മഹാപ്രതാപി. തലപോയാൽപോലും അതിനെവരെ പോസിറ്റീവായി കാണണമെന്നായിരുന്നു കോവിഡിനു മുന്‍പുള്ള രീതി.
കോവിഡ് എത്തിയതോടെ അതിൽ മാറ്റംവന്നു, അതോടെ നെഗറ്റിവിറ്റിക്ക് ജീവന്റെ വിലയായി. ബിസിസിഐയും ഇപ്പോൾ നെഗറ്റീവ് ട്രെൻഡിലാണ്. പോസിറ്റീവ് ആയാൽ വീട്ടിലിരിക്കുകയേയുള്ളൂ എന്ന് കളിക്കാരെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ.
ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനായും ഇംഗ്ലണ്ട് പര്യടനത്തിനായും യാത്രയാകേണ്ട ഇന്ത്യൻ താരങ്ങൾക്കാണ് ബിസിസിഐ കർശന നിർദേശം നൽകിയിരിക്കുന്നത്. പര്യടനത്തിനു മുന്‍പ് മുംബൈയിൽ ക്യാന്പ് ചെയ്ത് ടീം അംഗങ്ങൾക്ക് ആർടിപിസിആർ പരിശോധന നടത്തും.
അതിൽ ആരെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ അവർ ടീമിൽനിന്ന് ഒഴിവാക്കപ്പെടും. നെഗറ്റീവ് ആയശേഷം പ്രത്യേക വിമാനത്തിൽ ഇംഗ്ലണ്ടിലേക്ക് അവരെ കൊണ്ടുപോകില്ലെന്ന് തീർത്തു പറഞ്ഞിരിക്കുകയാണ് ബിസിസിഐ. ഐപിഎൽ 2021 സീസണ് പാതിവഴിയിൽ ഉപേക്ഷിച്ചതോടെ കളിക്കാരെല്ലാം വീടുകളിലേക്ക് മടങ്ങി.
ഐപിഎൽ റദ്ദാക്കിയതിനു തൊട്ടുപിന്നാലെ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായുള്ള 20 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.താരങ്ങൾ എല്ലാവരും മുംബൈയിൽ എത്തുന്നതുവരെ മറ്റാരുമായി സന്പർക്കമില്ലാതെ കഴിയാൻ നിർദേശം നൽകിയതായി ഇന്ത്യൻ ടീം ഫിസിയോ യോഗേഷ് പർമാർ പറഞ്ഞു.
മുംബൈയിൽ എത്തുന്നതിന് മുന്‍പ് താരങ്ങളെ അനുഗമിക്കുന്ന കുടുംബാംഗങ്ങളോടും ആർടിപിസിആർ ടെസ്റ്റ് നടത്താൻ ബിസിസിഐ നിർദേശിച്ചിട്ടുണ്ട്. കോവിഷീൽഡ് വാക്സിന്റെ ആദ്യ ഡോസ് എടുക്കാനും ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടു.
വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ഇഷാന്ത് ശർമ, ഉമേഷ് യാദവ്, ചേതേശ്വർ പൂജാര, ശിഖർ ധവാൻ, വനിതാ താം ശിഖ പാണ്ഡ തുടങ്ങിയവർ ആദ്യ ഡോസ് വാക്സിൽ എടുത്തു. രണ്ടാം ഡോസ് ഇംഗ്ലണ്ടിൽ എടുക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ബിസിസിഐ പറയുന്നു.
ജൂണ്‍ രണ്ടിനാണ് ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് വിമാനം കയറുക. ജൂണ്‍ 18 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലാണ് ഇന്ത്യയുടെ ആദ്യ മത്സരം. അതിനുശേഷം ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര ടെസ്റ്റ് പരന്പര കളിക്കും.