മുംബൈ: ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുമെന്ന് വിരാട് കോഹ്ലി. എന്നാൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒക്ടോബറിൽ ദുബായിൽ നടക്കുന്ന ലോകകപ്പിന് ശേഷം ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചതായി കോഹ്ലി ട്വീറ്റ് ചെയ്തു. ഏകദിന– ട്വന്റി 20 മത്സരങ്ങളിലെ നായക സ്ഥാനം ഒഴിയാൻ കോഹ്ലി സന്നദ്ധത പ്രകടിപ്പിച്ചതായുള്ള വാർത്തകൾ ബിസിസിഐ ട്രഷറർ അരുൺ ധുമാൽ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ജോലിഭാരം കണക്കിലെടുത്താണ് ടി-20 നായകസ്ഥാനം ഒഴിയുന്നതെന്ന് കോഹ്ലി പറഞ്ഞു. ടി-20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്റെ പരമാവധി ടീമിന് നല്കാന് ശ്രമിച്ചിട്ടുണ്ട്. ബാറ്റ്സ്മാനെന്ന നിലയില്‍ ടി-20യില്‍ തുടര്‍ന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും- കോഹ്ലി ട്വിറ്ററിൽ കുറിച്ചു.
സമയമെടുത്താണ് തീരുമാനമെടുത്തത്. രവി ശാസ്ത്രിയുമായും രോഹിത് ശര്‍മയുമായും കൂടിയാലോചന നടത്തി. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവരെയും സെലക്ടര്‍മാരെയും തന്റെ തീരുമാനം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.