ഇന്ത്യൻ ക്രിക്കറ്റിൽ നിരവധി അസുലഭ നിമിഷങ്ങൾ സമ്മാനിച്ച വിരാട് കോഹ്ലി – രവിശാസ്ത്രി കൂട്ടുകെട്ടിനു വിരാമം.
ഓസ്ട്രേലിയൻ മണ്ണിൽ തുടർച്ചയായ രണ്ടു ടെസ്റ്റ് പരന്പര സ്വന്തമാക്കിയതുൾപ്പെടെ ഈ കൂട്ടുകെട്ടിൽ ഇന്ത്യ കൈയടക്കിയത് സമാനതകളില്ലാത്ത ചരിത്ര നേട്ടങ്ങളായിരുന്നു. ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്നലെ നമീബിയയ്ക്കെതിരേ നടന്ന മത്സരമായിരുന്നു ഈ ക്യാപ്റ്റൻ-കോച്ച് കൂട്ടുകെട്ടിന്റെ അവസാന മത്സരം.
2012നുശേഷം ഇന്ത്യൻ ടീം ഒരു ഐസിസി ചാന്പ്യൻഷിപ്പിന്റെ നോക്കൗട്ട് കാണാതെ പുറത്തായതിലൂടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചതെന്നതു ഖേദകരംതന്നെ. കാരണം, ഐസിസി ചാന്പ്യൻഷിപ്പ് ഒഴിവാക്കിയാൽ കോഹ്ലി-ശാസ്ത്രി കൂട്ടുകെട്ടിനു കീഴിൽ ഇന്ത്യ അസാധ്യമെന്നു കരുതിയ പലതും കൈപ്പിടിയിലൊതുക്കി.
എന്നാൽ, ഐസിസി കിരീടം നേടാനായില്ലെന്നത് ഈ സഖ്യത്തിന്റെ പ്രോഗ്രസ് കാർഡിലെ ചുവന്ന മാർക്ക് ആയി അവശേഷിച്ചു. ആ ചുവന്ന മാർക്കോടെയാണ് ഇന്ത്യൻ മുഖ്യ പരിശീലക സ്ഥാനത്തുനിന്നു രവിശാത്രിയും ട്വന്റി-20 ക്യാപ്റ്റൻസ്ഥാനത്തുനിന്നു വിരാട് കോഹ്ലിയും പടിയിറങ്ങിയത്. വൈകാതെ ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നും കോഹ്ലി ഒഴിവാകുമെന്നും റിപ്പോർട്ടുണ്ട്.
കോഹ്ലി-ശാസ്ത്രി
2017ലാണ് ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്ത് രണ്ടാം തവണ എത്തിയത്. 2015-16ലായിരുന്നു ആദ്യ ടേം. മുഖ്യ പരിശീലകനായിരുന്ന അനിൽ കുംബ്ലെയുമായി കോഹ്ലിക്കുണ്ടായ അസ്വാരസ്യമായിരുന്നു ശാസ്ത്രിയുടെ രണ്ടാം വരവിലേക്കു കാര്യങ്ങൾ എത്തിച്ചത്.
എം.എസ്. ധോണിയുടെ പിൻഗാമിയായി ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനത്ത് കോഹ്ലി എത്തിയതും 2017ൽ ആയിരുന്നു. ഓസ്ട്രേലിയയിൽ രണ്ടു തവണ ടെസ്റ്റ് പരന്പര നേടിയതും ഇംഗ്ലണ്ടിനെതിരേ ഹോം ടെസ്റ്റ് പരന്പരയിൽ പിന്നിലായശേഷം തിരിച്ചെത്തി ട്രോഫി സ്വന്തമാക്കിയതും ഇംഗ്ലണ്ടിൽ പരന്പരയ്ക്ക് അടുത്തുവരെ എത്തിയതുമെല്ലാം ഈ കൂട്ടുകെട്ടിലെ അസുലഭ മുഹൂർത്തങ്ങളാണ്.
2019 ഐസിസി ഏകദിന ക്രിക്കറ്റ് സെമിയിൽ എത്തിയതും പ്രഥമ ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ എത്തിയതുമാണ് ഈ കൂട്ടുകെട്ടിന്റെ ഐസിസി ടൂർണമെന്റുകളിലെ മികച്ച പ്രകടനം.
ശാസ്ത്രീയം…
കോഹ്ലി-ശാസ്ത്രി കൂട്ടുകെട്ടിൽ ഇന്ത്യൻ ടീം തുടർച്ചയായി 40 ആഴ്ച ഐസിസി ലോക ഒന്നാം നന്പറിൽ വിഹരിച്ചു. ഓസ്ട്രേലിയയിൽ ടെസ്റ്റ് പരന്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായി ഇന്ത്യ, അതും തുടർച്ചയായി രണ്ടു തവണ. 2019-20 ഓസീസ് പര്യടനത്തിൽ അഡ്ലെയ്ഡിൽ 36 റണ്സിനു പുറത്തായ ഇന്ത്യയാണു ശക്തമായി തിരിച്ചെത്തി പരന്പര സ്വന്തമാക്കിയത്. വിരാട് കോഹ്ലി നാട്ടിലേക്കു മടങ്ങുകയും പരിക്കേറ്റ് മുൻനിര താരങ്ങൾ ഇല്ലാതെയാവുകയും ചെയ്തെങ്കിലും ഇന്ത്യയെ ശാസ്ത്രി കിരീടത്തിലെത്തിച്ചു.
ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇന്ത്യ ശാസ്ത്രിയുടെ കീഴിൽ ട്വന്റി-20 സ്വന്തമാക്കി. ന്യൂസിലൻഡിൽ പരന്പര സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായി കോഹ്ലിയും ശാസ്ത്രിയും. വെസ്റ്റ് ഇൻഡീസിൽ ചരിത്രത്തിൽ ആദ്യമായി ടെസ്റ്റ് പരന്പര തൂത്തുവാരി. കോഹ്ലി-ശാസ്ത്രി കൂട്ടുകെട്ടിൽ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച തുടർവിജയ റിക്കാർഡും കുറിച്ചു.
കഥയിൽ കല്ലുകടി…
2021 ഐസിസി ട്വന്റി-20 ലോകകപ്പ് ടീം പ്രഖ്യാപനത്തിനു മുന്പുതന്നെ വിവാദങ്ങൾ തലപൊക്കിയിരുന്നു എന്നതു വാസ്തവം. ശ്രേയസ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, ഷാർദുൾ ഠാക്കൂർ എന്നിവരെ ഒഴിവാക്കിയതുൾപ്പെടെ നിരവധി പ്രശ്നങ്ങൾ. തൊട്ടുപിന്നാലെ ലോകകപ്പിനുശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നു കോഹ്ലി പ്രഖ്യാപിച്ചു.
ഓപ്പണിംഗിൽ രോഹിത് ശർമയ്ക്കൊപ്പം താൻ ഇറങ്ങുമെന്നു കോഹ്ലി ആദ്യം പറഞ്ഞു. എന്നാൽ, പിന്നീട് ആ തീരുമാനത്തിൽനിന്നു പിന്നോട്ടുപോയി. ഏറ്റവും രസകരം പാക്കിസ്ഥാനെതിരായ സൂപ്പർ 12 പോരാട്ടത്തിലെ തോൽവിക്കുശേഷം ഇന്ത്യ ബാറ്റിംഗ് ഓർഡറിൽ നടത്തിയ പരീക്ഷണമായിരുന്നു. കോഹ്ലിയുടെ തീരുമാനങ്ങളല്ല നടപ്പായതെന്നതിന്റെ സൂചനയായി ഇതിനെ വിലയിരുത്തുന്നവരുമുണ്ട്.
2022ലേക്കു പുതുമയോടെ
നമീബിയയ്ക്കെതിരായ മത്സരത്തോടെ 2021 ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം അവസാനിപ്പിച്ച് ഇന്ത്യ മടങ്ങി. 2022ലും ട്വന്റി-20 ലോകകപ്പ് അരങ്ങേറുന്നുണ്ട്. രവിശാസ്ത്രിക്കു പകരം രാഹുൽ ദ്രാവിഡ് ആണ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ.
ശാസ്ത്രിക്കൊപ്പം ബൗളിംഗ് പരിശീലകൻ ഭരത് അരുണ്, ഫീൽഡിംഗ് പരിശീലകൻ ആർ. ശ്രീധർ എന്നിവരും ഇന്ത്യൻ ടീമിനോട് വഴി പിരിഞ്ഞു. ചുരുക്കത്തിൽ 2020 ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ പുതിയ ക്യാപ്റ്റനും പരിശീലകർക്കും കീഴിലാണ് ഇറങ്ങുക.
മദ്രാവിഡിനൊപ്പം ബൗളിംഗ് പരിശീലകനായ പരസ് മാംബ്രെയും ഇന്ത്യൻ വനിതാ മുൻ ഫീൽഡിംഗ് പരിശീലകനായ അഭയ് ശർമയും എത്തുമെന്നാണു റിപ്പോർട്ട്. ദ്രാവിഡിന്റെ ശിക്ഷണത്തിൽ പുതിയൊരു ഇന്ത്യൻ ടീമിന്റെ പ്രകടനത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ്.