പോര്‍ട്ട് ഓഫ് സ്പെയിന്: ലോക ക്രിക്കറ്റിലെ അത്യപൂര്‍വമായ ഒരു നാഴികക്കല്ല് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ഇന്ന് സ്വന്തമാക്കും.
വെസ്റ്റ് ഇന്‍ഡീസിനെതിരേ പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ രണ്ടാം ടെസ്റ്റിന് ഇന്ന് ഇന്ത്യ ഇറങ്ങുന്നതോടെ രാജ്യാന്തര ക്രിക്കറ്റില്‍ 500 മത്സരങ്ങള്‍ എന്ന നാഴികക്കല്ലില്‍ വിരാട് കോഹ്ലി എത്തും. ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ 10-ാമനും നാലാമത് ഇന്ത്യന്‍ താരവുമാണ് വിരാട് കോഹ്ലി.
2008 ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലൂടെയാണ് വിരാട് കോഹ്ലി രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി-20യിലുമായി 25,461 റണ്‍സ് കോഹ്ലി ഇതുവരെ സ്വന്തമാക്കി.
25,000ല്‍ അധികം രാജ്യാന്തര റണ്‍സുള്ള രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരിലൊരാളാണ് കോഹ്ലി. രാജ്യാന്തര ക്രിക്കറ്റില്‍ 25,000 റണ്‍സിലധികമുള്ള ലോകത്തിലെ ആറ് ബാറ്റര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന (53.48) ശരാശരി കോഹ്ലിക്ക് മാത്രം അവകാശപ്പെട്ടതാണ്.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചത് ഇന്ത്യന്‍ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറാണ്, 664 മത്സരങ്ങൾ. എം.എസ്. ധോണി (538), രാഹുല്‍ ദ്രാവിഡ് (509) എന്നിവര്‍ മാത്രമാണ് 500 മത്സരങ്ങള്‍ കടന്ന മറ്റ് ഇന്ത്യന്‍ താരങ്ങൾ.
ടെസ്റ്റില്‍ 110, ഏകദിനത്തില്‍ 274, ട്വന്റി-20യില്‍ 115 എന്നിങ്ങനെയാണ് ഇതുവരെ കോഹ്ലിയുടെ രാജ്യാന്തര മത്സരങ്ങൾ. ഇന്ന് വിന്‍ഡീസിനെതിരേ നടക്കുന്നത് കോഹ്ലിയുടെ 111-ാം മത്സരമാണ്.
ഇന്ത്യ x വിന്‍ഡീസ്
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള 100-ാം ടെസ്റ്റ് പോരാട്ടത്തിനാണ് ക്വാന്‍സ് പാര്‍ക്ക് ഓവല്‍ വേദിയാകുക. ഇതുവരെ കഴിഞ്ഞ 99 മത്സരങ്ങളില്‍ വിന്‍ഡീസ് 30 എണ്ണത്തില്‍ ജയം നേടി, ഇന്ത്യ 23 എണ്ണം ജയിച്ചു. 46 മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഇരുടീമും തമ്മിലുള്ള 100-ാം ടെസ്റ്റില്‍ ആധികാരികത ഇന്ത്യക്കാണ്.
കഴിഞ്ഞ 21 വര്‍ഷമായി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ല എന്നതും മറ്റൊരു വസ്തുത. 2002ല്‍ ആണ് വിന്‍ഡീസ് അവസാനമായി ഇന്ത്യയെ തോല്‍പ്പിച്ചത്.
ഈ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയ യശസ്വി ജയ്സ്വാളിന് അന്ന് അഞ്ച് മാസം പ്രായം പോലും അയിട്ടില്ല എന്നതും മറ്റൊരു രസകരമായ വസ്തുത. ഒന്നാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ ജയം.
മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ ശോഭിക്കുമോ എന്നതിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. പ്രത്യേകിച്ച്, ഓപ്പണര്‍ റോളിലെ ആദ്യ മത്സരത്തില്‍ യശസ്വി ജയ്സ്വാള്‍ സെഞ്ചുറിയോടെ തിളങ്ങിയ പശ്ചാത്തലത്തില്‍.
അതൊടൊപ്പം വിരാട് കോഹ്ലിയുടെ ഫോമിനായും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.