ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റിംഗ് ഒന്നാം സ്ഥാനം നിലനിർത്തി. 15 പോയിന്റ് നഷ്ടപ്പെട്ടെങ്കിലും 920 പോയിന്റുമായി കോഹ്ലി ഒന്നിൽ തുടർന്നു. അഡ്ലെയ്ഡിലെ പ്രകടനം റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് ഗുണകരമായി. അഡ്ലെയ്ഡിൽ മാൻ ഓഫ് ദ മാച്ച് ആയ ചേതേശ്വർ പൂജാര നാലാം റാങ്കിലേക്ക് ഉയർന്നു. പേസർ ജസ്പ്രീത് ബുംറ കരിയറിലെ മികച്ച റാങ്കായ 33ൽ എത്തി.
913 പോയിന്റുമായി ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണ് ആണ് ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാമത്. ഓസീസ് മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെയും ഓസ്ട്രേലിയയുടെ ഡേവിഡ് വാർണറെയും പിന്തള്ളിയാണ് പൂജാര നാലാം സ്ഥാനത്ത് എത്തിയത്. അജിങ്ക്യ രഹാനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി 18ൽ എത്തി.
ബൗളിംഗിൽ ഒരു സ്ഥാനം മുന്നേറി ആർ. അശ്വിൻ ആറാം റാങ്കിലെത്തി. 786 ആണ് അശ്വിന്റെ റേറ്റിംഗ് പോയിന്റ്. മുഹമ്മദ് ഷാമി 23ലും ഇഷാന്ത് ശർമ 27ലും തുടർന്നു.
കെയ്ൻ വില്യംസണ്
900 റേറ്റിംഗ് പോയിന്റ് കടക്കുന്ന ആദ്യ ന്യൂസിലൻഡ് ബാറ്റ്സ്മാൻ എന്ന നേട്ടം കെയ്ൻ വില്യംസണ് സ്വന്തമാക്കി. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ 900 പോയിന്റ് കടക്കുന്ന 32-ാമത് താരമാണ് വില്യംസണ്. പാക്കിസ്ഥാനെതിരായ പരന്പരയിലെ പ്രകടനമാണ് ന്യൂസിലൻഡ് ക്യാപ്റ്റനു ഗുണകരമായത്.