ന്യൂഡൽഹി: കഴിഞ്ഞ രണ്ടു സീസണുകളിലെ മികച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിനുള്ള ബിസിസിഐയുടെ പോളി ഉമ്രിഗർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക്. ബിസിസിഐ ആദ്യമായി പ്രഖ്യാപിച്ച മികച്ച വനിതാ താരത്തിനുള്ള അവാർഡ് ലോകകപ്പ് സൂപ്പർ സ്റ്റാറുകളായ ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന എന്നിവർ നേടി. 2016-17 സീസണിലെ അവാർഡും ഹർമൻപ്രീത് കൗറിനും 2017-18 സീസണിലെ അവാർഡ് സ്മൃതി മന്ദാനയ്ക്കുമാണ്.
12ന് ബംഗളൂരുവിൽവച്ച് അവാർഡുകൾ വിതരണം ചെയ്യും. 2016-17 സീസണിൽ കോഹ്ലി 13 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 74 ശരാശരിയിൽ 1,332 റണ്‍സും 27 ഏകദിനങ്ങളിൽനിന്നായി 84.22 ശരാശരിയിൽ 1,516 റൺസും സ്വന്തമാക്കിയിട്ടുണ്ട്. 2017-18 സീസണിൽ എട്ടു ടെസ്റ്റുകളിൽ നിന്ന് 89.6 ശരാശരിയിൽ കോഹ്ലിക്ക് 896 റണ്‍സും ഏകദിനത്തിൽ 75.50 ശരാശരിയുമുണ്ട്.
2016-17 സീസണിൽ വനിതാ താരങ്ങളിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡയാന എഡുൾജി നിരസിച്ചു. കമ്മിറ്റി ഓഫ് അഡ്മിനിസ്റ്റേഴ്സ് അംഗമായതിനാലാണിത്. 2017-18ലെ രഞ്ജിയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതിനുള്ള അവാർഡിനു പുറമെ മികച്ച ഓൾ റൗണ്ടർക്കുള്ള അവാർഡും കേരളത്തിന്റെ ജലജ് സക്സേനയ്ക്കാണ്.