ബിര്‍മിങാം: തന്നെ സംബന്ധിച്ച് 2014ല്‍ അഡ്ലെയ്ഡില് നേടിയ സെഞ്ചുറിക്കു പിന്നിലാണ് എഗ്ബാസ്റ്റണിലേതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. ഇംഗ്ലണ്ടില്‍ ആദ്യമായി ടെസ്റ്റ് സെഞ്ചുറി നേടിയ കോഹ്ലി ഒറ്റയ്ക്കു നടത്തിയ പോരാട്ടമാണ് ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.
ടെസ്റ്റ് സെഞ്ചുറികളില്‍ ഓര്‍മയിലിരിക്കുന്ന ഏറ്റവും മികച്ചത് നാലു വര്‍ഷം മുമ്പ് ഓസ്ട്രേലിയയ്ക്കെതിരേ അഡ്ലെയ്ഡില് നേടിയ 141 റണ്‍സാണെന്ന് ഇന്ത്യന്‍ നായകന് പറഞ്ഞു. അന്ന് കോഹ്ലിയുടെ സെഞ്ചുറി മികവില്‍ റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 48 റണ്‍സിനു തോറ്റിരുന്നു. ആ മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലും കോഹ്ലി സെഞ്ചുറി നേടിയിരുന്നു.
അഡ്ലെയ്ഡിലെ പ്രകടനം പ്രത്യേകത ഉള്ളതായിരുന്നു. അതിനു പിന്നിലാണ് എഗ്ബാസ്റ്റണിലെ സെഞ്ചുറി. അഡ്ലെയ്ഡില് രണ്ടാം ഇന്നിംഗ്സില്‍ അഞ്ചാം ദിനം ഇന്ത്യക്കു ജയിക്കാന്‍ വേണ്ടത് 364 റണ്‍സായിരുന്നു- കോഹ്ലി പറഞ്ഞു. എഗ്ബാസ്റ്റണിലെ സെഞ്ചുറിയില്‍ വളരെ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ നായകന് പറഞ്ഞു.
ഇംഗ്ലണ്ടില്‍ കോഹ്ലി 40 റണ്‍സിനു മുകളില്‍ ആദ്യമായാണ് നേടുന്നത്. നാലു വര്‍ഷം മുമ്പ് 10 ഇന്നിംഗ്സില്‍നിന്ന് ആകെ നേടിയത് 134 റൺസ് ആയിരുന്നു. അതിനെ ഒറ്റ ഇന്നിംഗ്സില്‍ വിരാട് മറികടന്നിരിക്കുകയാണ്. പുറത്തായതില്‍ നിരാശയുണ്ടെന്നും ക്രീസിൽ നിന്നിരുന്നെങ്കില്‍ 10-15 റണ്‍സിന്റെ ലീഡ് നേടാനാകുമായിരുന്നുവെന്നും കോഹ്ലി കൂട്ടിച്ചേർത്തു.