മുംബൈ: ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കെതിരായ ആക്രമണം അവസാനിപ്പിക്കാതെ ഓസീസ് മാധ്യമങ്ങളും മുൻ താരങ്ങളും. ഓസ്ട്രേലിയൻ മുൻ ബാറ്റ്സ്മാൻ ബ്രാഡ് ഹോഡ്ജാണ് ഒടുവിൽ കോഹ്ലിക്കെതിരേ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിനു വേണ്ടിയാണ് കോഹ്ലി നാലാം ടെസ്റ്റ് ഒഴിവാക്കിയതെന്നാണ് ഹോഡ്ജിന്റെ ആരോപണം. ഐപിഎലിൽ ഗുജറാത്ത് ലയണ്‍സ് പരിശീലകനാണ് ഹോഡ്ജ്.
കായികതാരമെന്ന നിലയിൽ കോഹ്ലിക്കു പരിക്കേറ്റിരിക്കാം എന്നു ഞാൻ കരുതുന്നു. പക്ഷേ ഗുജറാത്ത് ലയണ്‍സ് പരിശീലകനെന്ന നിലയിൽ ഞങ്ങൾ ബാംഗളൂർ റോയൽ ചലഞ്ചേഴ്സുമായി കളിക്കേണ്ടിവരും. അന്ന് കളത്തിലിറങ്ങാനാകും കോഹ്ലി നാലാം ടെസ്റ്റിൽ കളിക്കാതിരുന്നത്- ഹോഡ്ജ് ആരോപിച്ചു. ഐപിഎലിനുവേണ്ടിയാണ് കോഹ്ലി ടെസ്റ്റ് മത്സരം ഒഴിവാക്കിയതെങ്കിൽ അത് വളരെ തരംതാണ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ അഞ്ചിനാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസണ് ആരംഭിക്കുന്നത്. ഡേവിഡ് വാർണർ നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനോടാണ് കോഹ്ലി നയിക്കുന്ന ബാംഗളൂർ റോയൽ ചലഞ്ചേഴ്സിന്റെ ആദ്യ മത്സരം.