മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പിന് ശേഷം വിരാട് കോഹ്ലി പരിമിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനമൊഴിയുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ. ഈ റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും ഇങ്ങനെയൊരു കാര്യം ബിസിസിഐയുടെ ചർച്ചയിൽ വന്നിട്ടില്ലെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമല്‍ പറഞ്ഞു.
ട്വന്റി-20 ലോകകപ്പിനുശേഷം കോഹ്ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം മാത്രം ഏറ്റെടുക്കുമെന്നും മറ്റ് രണ്ട് ഫോര്‍മാറ്റുകളിലും ഇന്ത്യയെ രോഹിത് നയിക്കുമെന്നുമാണ് റിപ്പോർട്ടുകൾ വന്നത്.
“ക്യാപ്റ്റന്‍ സ്ഥാനം വിഭജിക്കുന്നതിനെ കുറിച്ചാണ് നിങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു കാര്യം ബിസിസിഐയുടെ ആലോചനയില്‍ പോലും വന്നിട്ടില്ല. എല്ലാ ഫോര്‍മാറ്റിലും കോഹ്ലി ക്യാപ്റ്റനായി തുടരും.’ ധുമല്‍ വ്യക്തമാക്കി.
2014 മുതല്‍ ടെസ്റ്റ് ടീമിന്റെയും 2017 മുതല്‍ ഏകദിന, ട്വന്റി-20 ടീമിന്റെയും നായകനാണ് കോഹ്ലി. എന്നാല്‍ ടീമിന് വേണ്ടി പ്രധാന കിരീടങ്ങളൊന്നും സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല.
2019 ഐസിസി ഏകദിന ലോകകപ്പില്‍ സെമിയില്‍ പരാജയപ്പെട്ടതിനു പിന്നാലെയും നിശ്ചിത ഓവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍സി രോഹിത്തിനെ ഏല്‍പ്പിക്കണമെന്ന ചര്‍ച്ച സജീവമായിരുന്നു.