ന്യൂഡൽഹി: ക്രിക്കറ്റ് ചരിത്രത്തിലെ റിക്കാർഡുകൾ വിരാട് കോഹ്ലിക്കു മുന്നിൽ തകരുമെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കറുടെ പ്രവചനം. ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇരട്ടസെഞ്ചുറി നേടിയ കോഹ്ലിയുടെ പ്രകടനത്തിനു പിന്നാലെയാണ് ഇന്ത്യൻ നായകനെ പുകഴ്ത്തി ഗാവസ്കർ രംഗത്തെത്തിയത്.
വിരാട് എല്ലാ റിക്കാർഡുകളും തകർക്കാനൊരുങ്ങുകയാണ്. സ്വന്തം കഴിവിലുള്ള വിശ്വാസമാണ് അദ്ദേഹത്തിന്റെ സ്ഥിരതയ്ക്കു പിന്നിൽ. ആ വിശ്വാസം ബൗളറുടെ ആത്മവിശ്വാസത്തെ നശിപ്പിക്കുന്നു- എൻഡിടിവിക്കു നൽകിയ അഭിമുഖത്തിൽ ഗാവസ്കർ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ഇരട്ട സെഞ്ചുറി കുറിച്ച കോഹ്ലി, തുടർച്ചയായ നാലു പരന്പരകളിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റിക്കാർഡ് സ്വന്തംപേരിലാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാനെയും ഇന്ത്യൻ വൻമതിൽ രാഹുൽ ദ്രാവിഡിനെയും മറികടന്നായിരുന്നു കോഹ്ലിയുടെ നേട്ടം.