ഇന്‍ഡോര്‍: റണ്‍വരള്‍ച്ച അവസാനിപ്പിച്ച നായകന് വിരാട് കോഹ്ലിയുടെ സെഞ്ചുറിയുടെ മികവില്‍ ന്യൂഡിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടെസ്റ്റില്‍ 13–ാം സെഞ്ചുറി കുറിച്ച കോഹ്ലിക്കു പുറമേ അജിന്‍ക്യ രഹാനെ (72*) യും പുറത്താകാതെ നില്ക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് എന്ന നിലയിലാണ്.
184 പന്തില്‍നിന്ന് 10 ബൗണ്ടറികളുടെ സഹായത്തോടെയാണ് കോഹ്ലിയുടെ ശതകനേട്ടം. നാട്ടില്‍ 17 ഇന്നിംഗ്സുകള്ക്കുശേഷമാണ് കോഹ്ലി സെഞ്ചുറിയിലേക്ക് എത്തുന്നത്. 2013 ഫെബ്രുവരിയിലാണ് അദ്ദേഹം അവസാനം ഇന്ത്യയില്‍ സെഞ്ചുറി നേടുന്നത്. അര്‍ധ സെഞ്ചുറി നേടിയ രഹാനെയാകട്ടെ ടെസ്റ്റ് ക്രിക്കറ്റില്‍ 2000 റണ്‍സ് എന്ന നേട്ടം പിന്നിടുകയും ചെയ്തു. കോഹ്ലിയും രഹാനെയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഇതേവരെ 158 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ നായകന് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഏറെക്കാലത്തിനുശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയ ഗൗതം ഗംഭീറിന് പക്ഷേ അവസരം മുതലാക്കാനായില്ല. 53 പന്തില്‍ 29 റണ്‍സെടുത്ത് നില്‍ക്കെ ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ഗംഭീര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി. 10 റണ്‍സെടുത്ത മുരളി വിജയിയെ ജീതന്‍ പട്ടേല്‍ പുറത്താക്കി. മൂന്നാമനായി ഇറങ്ങിയ ചേതേശ്വര്‍ പൂജാര 108 പന്തില്‍ 41 റണ്‍സെടുത്ത് ഇന്ത്യയെ കരകയറ്റി. മിച്ചല്‍ സാന്റ്നറാണ് പൂജാരയെ പുറത്താക്കിയത്.