നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ പരന്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 521 റണ്‍സ് വിജയലക്ഷ്യം. 168 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 352/7 എന്ന സ്കോറിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. നായകൻ വിരാട് കോഹ്ലി(103)യുടെ സെഞ്ചുറിയും ചേതേശ്വർ പുജാര(72), ഹാർദിക് പാണ്ഡ്യ(52*) എന്നിവരുടെ അർധസെഞ്ചുറിയുമാണ് ഇന്ത്യയ്ക്കു മികച്ച ലീഡ് സമ്മാനിച്ചത്.
124/2 എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ തുടങ്ങിയത്. കോഹ്ലിക്കൊപ്പം ക്രീസിലുണ്ടായ ചേതേശ്വർ പൂജാര ഉറച്ചു നിന്നതോടെ ഇംഗ്ലണ്ട് ബൗളർമാർ വെള്ളംകുടിച്ചു. പൂജാരയെ ബെൻ സ്റ്റോക്സാണ് മടക്കിയത്. കോഹ്ലി-പൂജാര സഖ്യം മൂന്നാം വിക്കറ്റിൽ 113 റണ്‍സ് കൂട്ടിച്ചേർത്തു. സെഞ്ചുറിക്കു പിന്നാലെ കോഹ്ലിയും പുറത്തായി. പേസർ ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് കോഹ്ലി വീണത്.
പൂജാരയ്ക്കും കോഹ്ലിക്കും പിന്നാലെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ വിക്കറ്റും മൂന്നാം ദിനം ഇന്ത്യയ്ക്ക് നഷ്ടമായി. ജയിംസ് ആൻഡേഴ്സന്റെ പന്തിൽ അലിസ്റ്റർ കുക്ക് പിടിച്ചാണ് പന്ത് (ഒന്ന്) മടങ്ങിയത്. ഇതിനുശേഷമെത്തിയ അജിൻക്യ രഹാനെ(29) പാണ്ഡ്യയ്ക്കൊപ്പം കൂട്ടുചേർന്ന് ഇന്ത്യയെ കൂറ്റൻ ലീഡിലേക്ക് ഉയർത്തി.
168 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയത്. രണ്ടു ദിവസം ബാക്കി നിൽക്കേ ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിലാണ്. ആദ്യ ഇന്നിംഗ്സിൽ 329 റണ്‍സ് നേടിയ ഇന്ത്യയ്ക്കെതിരേ ഇംഗ്ലണ്ട് 161 റണ്‍സിന് പുറത്തായിരുന്നു. ഹാർദിക് പാണ്ഡ്യയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ കുറഞ്ഞ സ്കോറിൽ ഒതുക്കിയത്.