പോർട്ട് ഓഫ് സ്പെയിൻ: രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം. വെസ്റ്റ് ഇൻഡീസിനെ 59 റൺസിന് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 280 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 42 ഓവറിൽ 210 റൺസിന് പുറത്തായി. മഴയെ തുടർന്ന് മത്സരം തടസപ്പെട്ടതോടെ വെസ്റ്റ് ഇൻഡീസിന്റെ വിജയലക്ഷ്യം 46 ഓവറിൽ 270 റൺസായി ചുരുക്കീയിരുന്നു.
അർധ സെഞ്ചുറി നേടിയ ഓപ്പണർ ഇവിൻ ലെവീസിനും (65) മധ്യനിരയിൽ നിക്കോളാസ് പൂരാനും (42) മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങാനായത്. ക്രിസ് ഗെയ്ലിനെ (11) തുടക്കത്തിലേ പുറത്താക്കാൻ ഇന്ത്യക്കായി. ഭുവനേശ്വറാണ് വിക്കറ്റ് വീഴ്ത്തിയത്. നാല് പേർക്ക് ഇരട്ട അക്കം കടക്കാനായില്ല. ഇതിൽ മൂന്നു പേർ പൂജ്യത്തിനു പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് വിൻഡീസിനെ തകർത്തത്. കുൽദീപും ഷമിയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. ഖലീൽ അഹമ്മദും ജഡേജയും ഓരോവിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നായകൻ വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തിലാണ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 279 റണ്‍സ് നേടിയത്.ഇന്ത്യൻ ഓപ്പണറുമാർ പതറിയയിടത്തുനിന്ന് കോഹ്ലി ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിക്കുകയായിരുന്നു. ശിഖർ ധവാൻ രണ്ട് റണ്‍സും രോഹിത് ശർമ്മ 18 റണ്‍സും ഋഷഭ് പന്ത് 20 റണ്‍സുമെടുത്തു മടങ്ങി. പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ചായിരുന്നു കോഹ്ലിയുടെ പോരാട്ടം.
സെഞ്ചുറി നേടിയ കോഹ്ലിയെ ബ്രാത്ത്വൈറ്റ് പവലിയൻ കയറ്റി. 125 പന്തിൽ 14 ഫോറും ഒരു സിക്സും ഉൾപ്പെടെ 120 റണ്‍സെടുത്താണ് കോഹ്ലി മ ടങ്ങിയത്. ശ്രേയസ് അയ്യർ 68 പന്തിൽ 71 റണ്‍സും അടിച്ചു കൂട്ടി. കേദാർ ജാദവും രവീന്ദ്ര ജഡേജയും 16 റണ്‍സ് വീതമെടുത്തു. വിൻഡീസിനായി കാർലോസ് ബ്രാത്ത്വൈറ്റ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷെൽഡൻ കോട്ട്റെൽ, ജയ്സണ്‍ ഹോൾഡർ, റോസ്റ്റണ്‍ ചേസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.