സെഞ്ചുറിയന്‍: വിരാട് കോഹ്ലിയുടെ 21-ാം ടെസ്റ്റ് സെഞ്ചുറിയും ജസ്പ്രീത് ബുംറ തുടക്കത്തില്‍ നേടിയ രണ്ടു വിക്കറ്റുകളും ഇന്ത്യക്ക് മൂന്നാം ദിനം സന്തോഷം നല്കി. എന്നാല്‍, അര്‍ധ സെഞ്ചുറിയുമായി എബി ഡി വില്യേഴ്സ് ക്രീസില്‍ നില്‍ക്കുന്നതാണ് മൂന്നാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് തലവേദനയാകുന്നത്.
ആദ്യ ഇന്നിംഗ്സിലെ 28 റണ്‍സിന്റെ ലീഡും രണ്ടാം ഇന്നിംഗ്സില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 90 റണ്‍സും ദക്ഷിണാഫ്രിക്കയ്ക്കു കളിയുടെ നിയന്ത്രണം നല്‍കിയിട്ടുണ്ട്. 118 റൺസിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്ക്. മൂന്നാം ദിവസത്തെ അവസാന സെഷനില്‍ മഴയെത്തിയതോടെ കളി നേരത്തെ നിര്‍ത്തേണ്ടിവന്നു. 50 റണ്‍സുമായി ഡി വില്യേഴ്സും 36 റണ്‍സുമായി ഡീന്‍ എല്‍ഗറുമാണ് ക്രീസില്‍. ഇരുവരും 87 റണ്ിസിന്റെ അപരാജിത കൂട്ടുകെട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.
എങ്ങനെയും ലീഡ് നേടണമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മൂന്നാംദിനം തുടങ്ങിയത്. അഞ്ചിന് 183 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഹര്‍ദിക് പാണ്ഡ്യയിലൂടെ (15) ആദ്യ തിരിച്ചടിയേറ്റു.
ബാറ്റിംഗിന്റെ ബാലപാഠങ്ങള്‍ മറന്ന പാണ്ഡ്യ റണ്ണൗട്ടാകുകയായിരുന്നു. വാലറ്റത്ത് എന്നും ഭേദപ്പെട്ട ബാറ്റിംഗ് നടത്തുന്ന ആര്. അശ്വിനില്‍ കോഹ്ലി വിശ്വസ്തനായൊരു പങ്കാളിയെ കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ പതിയെ ഉയര്‍ന്നു.
ഇതിനിടെ കോഹ്ലി സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 146 പന്തില്‍ നിന്നായിരുന്നു ക്യാപ്റ്റന്‍ മൂന്നക്കം തികച്ചത്.
ടീം സ്കോര്‍ 280ല്‍ നില്‍ക്കേ അശ്വിനെ (38) വെറോണ്‍ ഫിലാന്‍ഡര്‍ ഫഫ് ഡുപ്ലിസിസിന്റെ കൈയിലെത്തിച്ചു. വാലറ്റം വലിയ പ്രതിരോധം തീര്‍ക്കാതെ കീഴടങ്ങിയതോടെ ലീഡെന്ന സ്വപ്നം പൊലിഞ്ഞു. കോഹ്ലി 217 പന്തില്‍ 15 ബൗണ്ടറികളടക്കമാണ് 153 റണ്‍സെടുത്തത്. ദക്ഷിണാഫ്രികന്‍ ബൗളര്‍മാരില്‍ മോര്‍ണി മോര്‍ക്കല്‍ നാലുവിക്കറ്റെടുത്ത് തിളങ്ങി.
28 റണ്‍സിന്റെ ലീഡില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു തുടക്കത്തിലേ തിരിച്ചടി നേരിട്ടു. ദക്ഷിണാഫ്രിക്കന്‍ സ്കോര്‍ബോര്‍ഡില്‍ വെറും മൂന്നു റണ്‍സുള്ളപ്പോള്‍ രണ്ടു വിക്കറ്റ് വീണു. മാര്‍ക്രമും (1) അംലയും (1) വിക്കറ്റിനു മുന്നില്‍ കുരുങ്ങി. രണ്ടു വിക്കറ്റും ജസ്പ്രീത് ബുംറയ്ക്കായിരുന്നു.
മികച്ച ബൗളിംഗാണ് ബുംറ പുറത്തെടുത്തത്. ബുംറയുടെ ഉയരം കുറഞ്ഞ ബൗണ്‍സാണ് രണ്ടു പേരുടെയും വിക്കറ്റെടുത്തത്. രണ്ടു വിക്കറ്റിന് മൂന്നു റണ്‍സിലേക്കു പതിച്ച ദക്ഷിണാഫ്രിക്കയെ എല്‍ഗറും ഡി വില്യേഴ്സും ചേര്‍ന്ന് അനായാസം മുന്നോട്ടുകൊണ്ടു പോയി.
സ്കോര്‍ബോര്‍ഡ്
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 335ന്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
ബാറ്റിംഗ്
വിജയ് സി ഡി കോക് ബി മഹാരാജ് 46, രാഹുല്‍ സി ആന്‍ഡ് ബി മോര്‍ക്കല്‍ 10, പൂജാര റണ്‍ഔട്ട് 0, കോഹ്ലി സി ഡിവില്യേഴ്സ് ബി മോർക്കൽ 153 , രോഹിത് ശര്‍മ എല്‍ബിഡബ്ല്യു റബാഡ 10, പാര്‍ഥിവ് സി ഡികോക് ബി എന്‍ഗിഡി 19, പാണ്ഡ്യ റണ്‍ഔട്ട് 15, അശ്വിന് സി ഡുപ്ലസി ബി ഫിലാന്‍ഡര്‍ 38, ഷാമി സി അംല ബി മോര്‍ക്കല്‍ 1, ഇഷാന്ത് ശര്‍മ സി മാര്‍ക്രം ബി മോര്‍ക്കല്‍ 3, ബുംറ നോട്ടൗട്ട് 0. എക്സ്ട്രാസ് 12, ആകെ 92.1 ഓവറില്‍ 307ന് എല്ലാവരും പുറത്ത്.
ബൗളിംഗ്
കേശവ് മഹാരാജ് 20-1-67-1, മോര്‍ണി മോര്‍ക്കല്‍ 22.1-5-60-4, ഫിലാന്‍ഡര്‍ 16-3-46-1, കാഗിസോ റബാഡ 20-1-74-1, ലുംഗിസയ്നി എന്‍ഗിഡി 14-2-51-1
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ്
മാര്‍ക്രമം എല്‍ബിഡബ്ല്യു ബി ബുംറ 1, എല്‍ഗര്‍ നോട്ടൗട്ട് 36, അംല എല്‍ബിഡബ്ല്യു ബി ബുംറ 1, ഡി വില്യേഴ്സ് 50, എക്സ്ട്രാസ് 2, ആകെ 29 ഓവറില്‍ രണ്ടു വിക്കറ്റിന് 90.
ബൗളിംഗ്
അശ്വിന് 12-0-33-0, ബുംറ 8-2-30-2, ഇഷാന്ത് ശര്‍മ 4-0-14-0, ഷാമി 5-1-12-0