മുംബൈ: വിൻഡീസിനെതിരായ ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് നാലുപാടു നിന്നും അഭിനന്ദന പ്രവാഹമാണ്. ഏകദിനത്തിലെ 42–ാം സെഞ്ചുറിനേടിയ കോഹ്ലി സാക്ഷാൽ സച്ചിൻ തെൻഡുൽക്കറിന്റെ റെക്കോർഡിലേക്ക് കോലി ഒരു ചുവടു കൂടി അടുക്കുകയും ചെയ്തു.
കോഹ്ലിയെ അഭിനന്ദിച്ച് ഒരുപാടു പേർ രംഗത്തെത്തിയെങ്കിലും അവരിൽ നിന്നൊക്കെ വ്യത്യസ്തമായൊരു ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. 42–ാം സെഞ്ചുറി കുറിച്ച കോലിഹ്ലിയെ അഭിനന്ദിക്കുന്നതിനൊപ്പം ഏകദിനത്തിൽ കോഹ്ലി എത്ര സെഞ്ചുറി നേടുമെന്ന് കൂടി ജാഫർ പ്രവചിച്ചു.
ഏകദിനത്തിൽ ഇനിയും നീണ്ട വർഷങ്ങൾ കളിക്കാൻ സാധ്യതയുള്ള കോഹ്ലി, വിരമിക്കുന്നതിനു മുൻപായി 75 മുതൽ 80 സെഞ്ചുറികൾ വരെ നേടുമെന്നാണ് ജാഫറിന്റെ പ്രവചനം. ‘11 ഇന്നിങ്സുകൾക്കു ശേഷം സാധാരണ സർവീസ് പുനഃരാരംഭിച്ചിരിക്കുന്നു. അതായത്, കോഹ്ലിക്ക് മറ്റൊരു രാജ്യാന്തര സെഞ്ചുറി കൂടി. ഏകദിനത്തിൽ കോഹ്ലി 75–80 സെഞ്ചുറികൾ നേടുമെന്നാണ് എന്റെ പ്രവചനം’ എന്നായിരുന്നു ജാഫറിന്റെ ട്വീറ്റ്.
നവംബറിൽ 31 വയസ്സ് പൂർത്തിയാകുന്ന കോഹ്ലി, രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ കളിച്ചിട്ടുള്ളത് 238 ഏകദിന മത്സരങ്ങളാണ്. ഇത്രയും മൽസരങ്ങളിൽനിന്നാണ് 42 സെഞ്ചുറികളെന്ന നേട്ടം സ്വന്തമാക്കിയത്.