ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി കരാർ ഒപ്പിട്ടു. കൗണ്ടി ടീം സറേയ്ക്കു വേണ്ടിയാണ് കോഹ്ലി പാഡണിയുന്നത്. ഐപിഎലിനുശേഷം സറേയ്ക്കൊപ്പം ചേരുമെന്ന് ടീമും കോഹ്ലിയും സ്ഥിരീകരിച്ചു.
കൗണ്ടി ക്രിക്കറ്റ് കളിക്കുക എന്നത് തന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നെന്നും ഇതിനായി തനിക്ക് അവസരം ഒരുക്കിയതിൽ ടീം സറേയോടും ടീം ഡയറക്ടർ അലക് സ്റ്റ്യുവാർട്ടിനോടും കടപ്പെട്ടിരിക്കുമെന്നും കോഹ്ലി പറഞ്ഞു. ഈ വർഷം കൗണ്ടിയിൽ കളിക്കാനിറങ്ങുന്ന നാലാമത് ഇന്ത്യൻ താരമാണ് കോഹ്ലി. ചേതേശ്വർ പുജാര, ഇഷാന്ത് ശർമ, വരുണ്‍ ആരോണ്‍ എന്നിവർ ഈ വർഷം വിവിധ ടീമുകൾക്കായി കളിച്ചിരുന്നു.
നേരത്തെ, അഫ്ഗാനിസ്ഥാനെതിരേ ജൂണ്‍ 14നു നടക്കുന്ന ടെസ്റ്റിൽ ഇന്ത്യയെ വിരാട് കോഹ്ലി നയിക്കണമെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. കോഹ്ലി മത്സരം ഒഴിവാക്കിയാൽ അഫ്ഗാന് അതൊരു അഭിമാനപ്രശ്നമാകുമെന്നും ആതിഥേയരെന്നനിലയിൽ എതിരാളികൾക്ക് മാനസിക പ്രശ്നം ഉണ്ടാക്കരുതെന്നുമാണ് ബിസിസിഐയുടെ വാദം. ഇത് പരിഗണിക്കാതെയാണ് കോഹ്ലി കരാർ ഒപ്പിട്ടത്.