മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയെ പ്രശംസകൊണ്ടു പൊതിഞ്ഞ് മുൻ നായകൻ എം.എസ്.ധോണി. കോഹ്ലി അദ്ദേഹത്തിന്റെ മികവിന്റെ ഉന്നതിയിലാണെന്നും ഇതിഹാസം എന്ന വിശേഷണത്തിലേക്ക് അദ്ദേഹം അടുത്തുകഴിഞ്ഞെന്നും ധോണി പറഞ്ഞു.
കോഹ്ലിയാണ് ഏറ്റവും മികച്ചവൻ. ഇതിഹാസം എന്ന വിശേഷണത്തിന് അടുത്ത് അദ്ദേഹം എത്തിക്കഴിഞ്ഞു. അദ്ദേഹം ബാറ്റു ചെയ്യുന്നതു കാണുന്പോൾ എനിക്കു സന്തോഷം തോന്നുന്നു. കഴിഞ്ഞ വർഷങ്ങളിൽ അദ്ദേഹം മികവിന്റെ പാരമ്യത്തിലാണ്. അദ്ദേഹം ടീമിനെ മുന്നോട്ടു നയിക്കുന്നു. ഒരു നായകനിൽനിന്ന് ആവശ്യപ്പെടുന്നത് അതാണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു- ധോണി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരന്പരയിലെ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടതിനെ സംബന്ധിച്ച് വിചിത്ര ന്യായീകരണവും ധോണി നിരത്തി. ടെസ്റ്റ് മത്സരം വിജയിക്കണമെങ്കിൽ 20 വിക്കറ്റ് വീഴ്ത്തണം. ഇന്ത്യയ്ക്ക് അതിനു കഴിഞ്ഞു. ഇതാണ് എനിക്കു നൽകാൻ കഴിയുന്ന ഉത്തരം. എത്ര റണ്‍സ് നേടിയാലും, അഞ്ചു ദിവസം എത്ര നന്നായി കളിച്ചാലും 20 വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ല- ധോണി പറയുന്നു.
എഡ്ജ്ബാസ്റ്റണിൽ നടന്ന ആദ്യ ടെസ്റ്റിൽ വിരാട് കോഹ്ലി മികച്ച രീതിയിൽ പോരാടിയെങ്കിലും ഇന്ത്യയ്ക്കു വിജയിക്കാൻ കഴിഞ്ഞില്ല. 194 റണ്‍സ് വിജയലക്ഷ്യം നേടിയിറങ്ങിയ ഇന്ത്യ 31 റണ്‍സ് അകലെ എല്ലാവരും പുറത്താകുകയായിരുന്നു.