ലണ്ടൻ: ഏകദിന ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ട് കരുത്തരാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മറ്റു ടീമുകളേക്കാൾ മുന്‍പ് ഏകദിനത്തിൻ 500 റണ്‍സ് സ്വന്തമാക്കാനുള്ള വ്യഗ്രതയിലാണ് അവരെെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. ലോകകപ്പിനു മുൻപ് ടീമുകളുടെ ക്യാപ്റ്റൻമാരുമായുള്ള മുഖാമുഖത്തിലാണ് കോഹ്ലി ഇങ്ങനെ പറഞ്ഞത്.
ഏകദിനത്തിലെ ഉയർന്ന സ്കോറിന്റെ റിക്കാർഡ് ഇംഗ്ലണ്ടിന്റെ പേരിലാണ്. കഴിഞ്ഞ വർഷം ഓസ്ട്രേലിയയ്ക്കെതിരേ ആറിന് 481 റണ്‍സ് ഇംഗ്ലണ്ട് നേടിയിരുന്നു. പാക്കിസ്ഥാനെതിരേ നടന്ന പരന്പരയിൽ ഇംഗ്ലണ്ട് 350നു മുകളിൽ സ്കോർ ചെയ്തിരുന്നു.
ഇത്തവണത്തേത് റണ്‍സൊഴുകുന്ന ലോകകപ്പാകുമെന്നാണ് കോഹ്ലിയുടെ അഭിപ്രായം. പക്ഷേ, സമ്മർദം ഇത്തരം സാഹചര്യങ്ങളിൽ നിർണായകമാകും. സമ്മർദഘട്ടങ്ങളിൽ 260, 270 റണ്‍സ് പിന്തുടരുന്നതു പോലും ബുദ്ധിമുട്ടാകുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.