റാഞ്ചി: മൂന്നാം ടെസ്റ്റ് സമനിലയിലായതിനു പിന്നാലെ ടീം ഓസ്ട്രേലിയയ്ക്കെതിരേ ആരോപണങ്ങളുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യൻ ടീം ഫിസിയോ പാട്രിക് ഫർഹാതിനോട് ഓസീസ് താരങ്ങൾ അപമദ്യാദയായി പെരുമാറിയെന്നും അധിക്ഷേപവാക്കുകൾ വർഷിച്ചെന്നുമാണ് കോഹ്ലിയുടെ ആരോപണം. എന്നാൽ കോഹ്ലിയുടെ ആരോപണങ്ങൾ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് നിഷേധിച്ചു.
അവർ പാട്രിക്കിന്റെ പേര് ഉപയോഗിക്കാൻ ആരംഭിച്ചു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അദ്ദേഹം ടീമിന്റെ ഫിസിയോയാണ്. എന്നെ ചികിത്സിക്കുന്നതാണ് അദ്ദേഹത്തിന്റെ ജോലി. ഓസീസ് കളിക്കാരുടെ പെരുമാറ്റത്തിനു പിന്നിൽ മറ്റു കാരണങ്ങളൊന്നും ഞാൻ കാണുന്നില്ല.
എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് അവരോടു ചോദിച്ചുനോക്കൂ- കോഹ്ലി പറഞ്ഞു. മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ വിരാട് കോഹ്ലി ഫിസിയോയുടെ സഹായത്തോടെയാണ് ഗ്രൗണ്ട് വിട്ടത്. ഇതിന്റെ പേരിൽ ഓസീസ് താരങ്ങൾ കോഹ്ലിയെ അധിക്ഷേപിക്കുന്ന തരത്തിലേക്കു കാര്യങ്ങളെത്തി.
അതേസമയം, ഓസ്ട്രേലിയക്കാരൻ കൂടിയായ ഫർഹാതിനെ തങ്ങൾ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത് പറഞ്ഞു. കോഹ്ലിയെ ഗ്രൗണ്ടിലേക്കു തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം മികച്ച രീതിയിലാണ് ചികിത്സ നടത്തിയതെന്നും സ്മിത്ത് പ്രശംസിച്ചു.