കട്ടക്ക്: ഇന്‍ ഫീല്‍ഡിലും ഔട്ട് ഫീല്‍ഡിലും പന്ത് പറന്നു പിടിക്കുന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ വാനോളം പുകഴ്ത്തുന്നവരുണ്ട്. അസാമാന്യ കായികക്ഷമതയും ശാരീരികക്ഷമതയുമുള്ള കളിക്കാരനാവാന്‍ കോഹ്ലി എന്തായിരിക്കും ചെയ്യുക കോഹ്ലിയുടെ കരിയറിലെ ആദ്യ ഭാഗങ്ങള്‍ വീക്ഷിച്ചിട്ടുള്ളവര്ക്കറിയാം ഇന്നത്തെ കോഹ്ലിയായിരുന്നില്ല അന്നത്തെ കോഹ്ലിയെന്ന്. ഇഷ്ടമുള്ള പലതും ഉപേക്ഷിച്ച് കഠിന പ്രയത്നത്തിലൂടെയാണ് കോഹ്ലി ഇന്ന് കാണുന്ന രീതിയിലായത്.
അദ്ദേഹത്തിന്റെ മുന്‍ ട്രെയിനറായ ശങ്കര്‍ ബസു കോഹ്ലിയെ വിശേഷിപ്പിച്ചത് ടെന്നീസ് മുന്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചിനേക്കാള്‍ ഫിറ്റ്നസുള്ള കളിക്കാരനെന്നാണ്. ജൂണിയര്‍ ക്രിക്കറ്റിലും ഡല്‍ഹിക്കു വേണ്ടി കളിക്കുമ്പോഴും കോഹ്ലിക്ക് ഇത്രയും ഫിറ്റ്നസ് ഉണ്ടായിരുന്നില്ല. പരിശ്രമത്തിലൂടെ ഭാരം കുറച്ചാണ് അദ്ദേഹം ഫിറ്റ്നസ് നേടിയെടുത്തത്. ബട്ടര്‍ ചിക്കനും മട്ടണ്‍ റോള്സുമായിരുന്നു കോഹ്ലിയുടെ ഇഷ്ട ഭക്ഷണമെന്ന് അദ്ദേഹത്തിന്റെ കുട്ടിക്കാല പരിശീലകനായ രാജ്കുമാര് ശര്‍മ പറയുന്നു.
നിങ്ങള്‍ക്കു വേണ്ടതെല്ലാം കഴിക്കാം. എന്നാല്‍, വീട്ടില്‍ പാകം ചെയ്ത് കഴിക്കുന്നതാണ് നല്ലതെന്ന് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ കോഹ്ലി പറഞ്ഞിരുന്നു.ഇന്ത്യയുടെ മുന്‍ കോച്ചായിരുന്ന ഡങ്കന്‍ ഫ്ളച്ചര്ക്കും കോഹ്ലിയുടെ ഇന്നത്തെ മാറ്റത്തില്‍ വലിയ പങ്കുണ്ട്. 2012ല്‍ സംഭവിച്ച ചില കാര്യങ്ങളാണ് കോഹ്ലി ഫിറ്റ്നസില്‍ ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത്.
ഓസ്ട്രേലിയയിലും ബംഗ്ലാദേശിലും മികച്ച പ്രകടനം നടത്തി ഐപിഎലില്‍ ഏറെ പ്രതീക്ഷയര്പ്പിച്ചെത്തിയ കോഹ്ലിക്കു ഒട്ടും ഓര്‍മിക്കാന്‍ ആഗ്രഹിക്കാത്ത ഐപിഎല്‍ ആയിരുന്നു ആ വര്‍ഷത്തേത്. ട്രെയിനിംഗില്‍ മോശമായതും ഭക്ഷണക്രമത്തിലെ പ്രശ്നങ്ങളുമായിരുന്നു അതിനു കാരണം. എല്ലാ ദിവസവും അല്പം മദ്യപിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ നിന്നെല്ലാം വിട്ടകന്ന കോഹ്ലി കഠിനമായ പരിശീലനത്തോടെ 12 കിലോ ഭാരമാണ് കുറച്ചത്.