മുംബൈ: ഐപിഎലിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ തുടർതോൽവി ക്യാപ്റ്റൻ വിരാട് കോഹ്ലിക്കെതിരായ ആയുധമാക്കുകയാണ് വിമർശകർ. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 ഏകദിന പരന്പരകൾ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഐപിഎലിൽ കോഹ് ലിയുടെ ഈ ദുര്യോഗം.
ചുരുക്കത്തിൽ ക്യാപ്റ്റനായ കോഹ്ലിക്ക് തുടർച്ചയായ ഒന്‍പത് തോൽവികൾ നേരിടേണ്ടിവന്നു. മൂന്ന് എണ്ണം ഏകദിന പരന്പരയിൽ ഓസ്ട്രേലിയയ്ക്കെതിരേയും തുടർന്ന് ഐപിഎലിൽ ബംഗളൂരുവിനൊപ്പവും. വിമർശനങ്ങൾ തലപൊക്കുന്നതിനിടെ മുൻ താരവും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെങ്സാർക്കർ കോഹ്ലിക്ക് പിന്തുണയുമായി എത്തി.
ഐപിഎലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കോഹ്ലിയെ വിലയിരുത്തുന്നത് ബാലിശമാണ്. ഏതൊരു താരത്തെയും വിധിക്കാനുള്ള അളവുകോലല്ല ഐപിഎൽ. പ്രത്യേകിച്ച് മികച്ച ഫോമിലുള്ള കോഹ്ലിയെപ്പോലൊരാളെ- വെങ്സാർക്കർ പറഞ്ഞു. ടെസ്റ്റിലും ഏകദിനത്തിലും കോഹ്ലി മികച്ച പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ലോകകപ്പിൽ അവസാന നാലിൽ ഉൾപ്പെടാനുള്ള സാധ്യത ഇന്ത്യക്കുണ്ട്. ബൗളിംഗ് ആക്രമണത്തിൽ ഇന്ത്യ ഏറെ മുന്നിലാണ്. മുൻ ലോകകപ്പുകളിൽ പങ്കെടുത്ത ഇന്ത്യൻ ബൗളിംഗ് നിരയേക്കാൾ ശക്തമാണ് ഇപ്പോഴത്തേത്. ബാറ്റിംഗിൽ കോഹ്ലി മികച്ച ഫോമിലാണ്. രോഹിത് ശർമയുടെ ക്ലാസ് ബാറ്റിംഗും കരുത്താണ്. എന്നാൽ, ഇവരെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല. നാലാം നന്പറിൽ കെ.എൽ. രാഹുൽ, അജിങ്ക്യ രഹാനെ, മായങ്ക് അഗർവാൾ ഇവരിൽ ഒരാൾ എത്തുന്നതാണ് നല്ലതെന്നും വെങ്സാർക്കർ പറഞ്ഞു.
ഐപിഎലിൽ കോഹ്ലി 5151
ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം റണ്‍സ് നേടിയ താരമാണ് വിരാട് കോഹ്ലി. 161 ഇന്നിംഗ്സിൽനിന്ന് 5151 റണ്‍സ് കോഹ്ലി സ്വന്തമാക്കി. സെഞ്ചുറി നേട്ടത്തിൽ ക്രിസ് ഗെയ്ലിനു (ആറ്) പിന്നിൽ രണ്ടാം സ്ഥാനത്താണ് കോഹ്ലി (നാല്). ഏറ്റവും കൂടുതൽ അർധസെഞ്ചുറി നേടിയതിൽ (35 എണ്ണം) മൂന്നാമതും സിക്സ് നേടിയതിൽ (182 സിക്സ്) ആറാമതും ഫോർ നേടിയതിൽ (453 ഫോർ) നാലാം സ്ഥാനത്തുമാണ് കോഹ്ലി.