തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ “ക്ലാസ്’ സർട്ടിഫിക്കറ്റ്. മികച്ച സ്റ്റേഡിയമാണ് കാര്യവട്ടത്തേതെന്നു പറഞ്ഞ കോഹ്ലിക്ക് പിച്ചിനെയും ഔട്ടഫീൽഡിനെയും കുറിച്ചെല്ലാം മികച്ച അഭിപ്രായം. കാണികളുടെ പിന്തുണയ്ക്കും ഇന്ത്യൻ നായകൻ നന്ദി പറഞ്ഞു.
പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ക്ഷമയോടെ കാത്തിരുന്ന കാണികളുടെ പിന്തുണ വിലമതിക്കാനാവത്തതാണെന്ന് കോഹ്ലി പറഞ്ഞു. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആറു റൺസിനാണ് ഇന്ത്യ ജയിച്ചത്. ഇന്ത്യ ഉയർത്തിയ 68 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവികൾക്ക് 61 റൺസെടുക്കാനെ സാധിച്ചുള്ളു.