ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രെസിംഗ് റൂമിലെ അവസ്ഥ കലുഷിതമെന്നു റിപ്പോര്‍ട്ട്. പരിശീലകനായ അനില്‍ കുംബ്ലെയും കോഹ്ലിയടക്കമുള്ള സീനിയര്‍ താരങ്ങളും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ കോച്ചിനെ കണ്ടെത്താന്‍ ബിസിസിഐ അപേക്ഷ ക്ഷണിച്ചതെന്നാണ് സൂചന.
കുംബ്ലെയുടെ കര്‍ശനമായ ശൈലിയോട് നായകന് വിരാട് കോഹ്ലി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയാണുളളത്. കര്‍ശന നിലപാടുള്ള കുംബ്ലെയുമായി യോജിച്ച് പോകാനാകുന്നില്ലെന്ന് കോഹ്ലി സുപ്രീം കോടതി നിയോഗിച്ച പുതിയ ഭരണ സമിതിയോട് അറിയിച്ചു. രവിശാസ്ത്രിയെ പോലെ കളിക്കാരെ കൂടി വിശ്വാസത്തിലെടുക്കുന്ന കോച്ചിംഗ് ശൈലിയോടാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് താല്പര്യം.
കുംബ്ലെയെ തെരഞ്ഞെടുത്ത സച്ചിന്, ഗാംഗുലി, ലക്ഷ്മണ് മൂന്നംഗ കമ്മിറ്റി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ചാമ്പ്യന്‍സ് ട്രോഫി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഡ്രെസിംഗ് റൂമിലെ സ്ഥിതിഗതികള്‍ ബിസിസിഐയെയും ആരാധകരെയും ഒരുപോലെ ചൊടിപ്പിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ സന്നാഹമത്സരത്തിനു മുമ്പ് ഇക്കാര്യം സൗരവ് ഗാംഗുലിയുടെ ശ്രദ്ധയില്‍ കോഹ്ലി പെടുത്തിയിട്ടുണ്ട്
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് ഇരുവരും ആദ്യം ഉടക്കിയത്. ധര്‍മ്മശാലയില്‍ നടന്ന നാലാം ടെസ്റ്റിനിടെ വാക്കേറ്റം ശക്തമായി. പരിക്കേറ്റ കോഹ്ലിയ്ക്ക് പകരം ചൈനാമാന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ടീമിലെടുക്കാന്‍ കുംബ്ലെ വാദിക്കുകയായിരുന്നു. എന്നാല്‍ അവസാന നിമിഷം മാത്രമാണ് കോഹ്ലി തനിക്ക് പകരം കുല്‍ദീപ് കളിക്കുമെന്ന കാര്യം അറിഞ്ഞത്. ഇത് ഇരുവരും തമ്മിലുളള ബന്ധം വഷളാക്കി.
കുംബ്ലെയോടുളള ഇന്ത്യന്‍ കളിക്കാരുടെ അതൃപ്തി നേരത്തെ തന്നെ ബിസിസിഐയ്ക്കും അറിവുളളതാണ്. കോച്ചിംഗ് സ്റ്റാഫിന്റെ പ്രതിഫല വര്‍ധനവ് ആവശ്യപ്പെട്ട് കുംബ്ല സുപ്രീം കോടതി നിയോഗിച്ച വിനോദ് റായുടെ നേതൃത്വത്തിലുളള ഭരണ സമിതിയോട് സംസാരിച്ചതാണ് ബിസിസിഐ കുംബ്ലെക്കെതിരെ തിരിയാന്‍ കാരണം.
കൂടാതെ ചാമ്പ്യന്‍സ് ട്രോഫിക്കുളള ടീം ഇന്ത്യയെ പ്രഖ്യാപിക്കുന്നത് വൈകുന്നതിനെതിരെയും കുംബ്ലെ രംഗത്തെത്തിയിരുന്നു. കളിക്കാരുടെ അതൃപ്തി കൂടിയായതോടെ കുംബ്ലെയെ മാറ്റുന്നതിന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. അതിനുമുമ്പു വരെ ബിസിസിഐക്ക് ഏറെ പ്രിയപ്പെട്ട പരിശീലകനായിരുന്നു കുംബ്ലെ മികച്ച ഫലങ്ങള്‍ ടീം ഇന്ത്യക്ക് നല്കി. ചാമ്പ്യന്‍സ് ട്രോഫി കഴിയുന്നതോടെ കുംബ്ലെയുമായുള്ള കരാര്‍ ബിസിസിഐ അവസാനിപ്പിക്കും.
അതേസമയം, സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിക്ക് കുംബ്ലെ തുടരണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാല്‍ കളിക്കാരും കോച്ചും തമ്മിലുളള ബന്ധം വഷളായത് കടുത്ത നിലപാടെടുക്കാന്‍ വിനോദ് റായിയെയും കൂട്ടരെയും തടയുന്നു. ഗാംഗുലിയും ലക്ഷ്മണും സച്ചിനും അടങ്ങിയ ഉപദേശക സമിതി ഇപ്പോഴും കുംബ്ലെക്ക് പിന്തുണ നല്‍കുന്നതായാണ് വിവരം. കുംബ്ലെയുമായി യോജിച്ചു പോകണമെന്ന നിര്‍ദേശം കോഹ്്ലിക്കു നല്‍കാനും നീക്കമുണ്ട്.
പുതിയ ഇന്ത്യന്‍ കോച്ചിനെ തേടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കഴിഞ്ഞ ആഴ്ചയാണ് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ വിരേന്ദര്‍ സെവാഗിനോട് ബിസിസിഐ ആവശ്യപ്പെട്ടതായി സൂചനയുണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കുംബ്ലൈയെ മാറ്റി തന്നെ കോച്ചാക്കുന്നതിനോട് താല്പര്യമില്ലെന്നാണ് അറിയുന്നത്
കഴിഞ്ഞ തവണ അപമാനിച്ചതുപോലെ മറ്റൊരു അപമാനമേറ്റുവാങ്ങാന് തനിക്കും താത്പര്യമില്ലെന്ന് മുന്‍ ടീം ഡയറക്ടര്‍ രവിശാസ്ത്രിയും അറിയിച്ചു. ഓസ്ട്രേലിയയുടെ ടോം മൂഡിയെ പരിശീലകനാക്കാനുള്ള താത്പര്യവും ബിസിസിഐക്കുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ഒരു വര്‍ഷത്തേക്കായിരുന്നു കരാര്‍. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം.
കുബ്ലെക്ക് കീഴില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. അഞ്ച് ടെസ്റ്റ് പരമ്പരകളും രണ്ട് ഏകദിന പരമ്പകളുമാണ് കുംബ്ലെക്കു കീഴില്‍ ടീം ഇന്ത്യ ജയിച്ചത്.പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അടുത്ത ദിവസം തന്നെ ഉപദേശകസമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും യോഗം ചേരും. ഇന്ത്യക്ക് പുതിയ കോച്ചുണ്ടാകുമെന്നാണ് വിലയിരുത്തല്‍.