ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ പേരിലുള്ള സന്നദ്ധ സംഘടനയായ ജസ്റ്റിസ് ആന്‍ഡ് കെയര്‍ ഓര്‍ഗനൈസേഷന്റെ ഫണ്ട് ശേഖരണ ചടങ്ങില്‍ വിജയ് മല്യ. മനുഷ്യക്കടത്തിനെതിരെ വിരാട് കോഹ്ലി നടത്തുന്ന സംഘടനയാണിത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ ഒന്നടങ്കം ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍, വിരാട് കോഹ്ലിയോ സംഘാടകരോ ക്ഷണിച്ചിട്ടല്ല മല്യയെത്തിയതെന്നാണു സൂചന.
വിജയ് മല്യ എത്തിയതോടെ കോഹ്ലിയടക്കമുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ അസ്വസ്ഥരായി. പരിപാടി തീരുംമുമ്പേ ഇന്ത്യന്‍ ടീം അവിടം വിട്ടു. ചടങ്ങുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ വീഡിയോയില്‍ വിജയ് മല്യ പരിപാടിയില്‍ പങ്കെടുക്കാനായി കാറില്‍ നിന്നിറങ്ങുന്ന ദൃശ്യങ്ങള്‍ ഉണ്ട്. രണ്ട് സ്ത്രീകള്‍ക്കൊപ്പമാണ് മല്യ ചടങ്ങ് നടക്കുന്ന ഹോട്ടലിലേക്ക് കയറിപ്പോയത്.
ചടങ്ങില്‍ പങ്കെടുക്കുന്ന മാറ്റാരെങ്കിലും വിളിച്ചിട്ടാകും മല്യ എത്തിയതെന്ന് ബിസിസിഐ അറിയിച്ചു. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ബിസിസിഐ അറിയിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറും പരിശീലകന് അനില്‍ കുംബ്ലെയും ചടങ്ങില്‍ ഇന്ത്യന്‍ ടീമിനൊപ്പം പങ്കെടുത്തിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനും വിജയ് മല്യ എത്തിയിരുന്നു. ബര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലെത്തിയ മല്യ പ്രസിഡന്റ്സ് ബോക്സിലിരുന്ന കളി കാണുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയ് മല്യ ക്രിക്കറ്റ് ഇതിഹാസം സുനില്ഗാവസ്കര്ക്കൊപ്പമുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയായ മല്യയെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കവെയാണ് മല്യ ഇത്തരത്തിലൊരു ചടങ്ങില്‍ പ്രത്യക്ഷപ്പെടുന്നത്.ഐപിഎല്‍ ടീമായ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്സിന്റെ ഉടമയായിരുന്ന മല്യ സാമ്പത്തിക തട്ടിപ്പ് കേസിനെത്തുടര്‍ന്നാണ് മേധാവിസ്ഥാനം ഒഴിഞ്ഞത്.
നേരത്തെ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശനചടങ്ങില്‍ മല്യ പങ്കെടുത്തതും വിവാദമായിരുന്നു. വിജയ് മല്യയെ കണ്ട ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി നീരസം പ്രകടിപ്പിച്ചു കൊണ്ട് അന്ന് സദസില്‍ നിന്നിറങ്ങിപ്പോയിരുന്നു.കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മല്യയെ ഇന്ത്യക്കു കൈമാറാനുള്ള നടപടിയെടുക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കണ്ട് ആവശ്യപ്പെട്ടിരുന്നു.