ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ഏവരും മാതൃകയാക്കണമെന്നാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴുള്ള സംസാരം. ക്രിക്കറ്റർ എന്നതിലുപരി സഹജീവികളോട് എങ്ങനെ പെരുമാറണമെന്നതിനും അവർക്കൊപ്പം എങ്ങനെ ചേർന്നു നിൽക്കണമെന്നതിനുമുള്ള ഉദാഹരണമായിരിക്കുകയാണ് കോഹ്ലി.
സംഭവം ഇങ്ങനെ: ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരം. പന്ത് ചുരണ്ടൽ വിവാദത്തിൽ സസ്പെൻഷൻ നേരിട്ടശേഷം ഓസീസ് ടീമിൽ മടങ്ങിയെത്തിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും മൈതാനത്ത്. സ്മിത്തിനെ കാണികൾ ചതിയൻ എന്ന വിളിച്ച് ആക്ഷേപിച്ച് കൂവിയപ്പോൾ വിരാട് കോഹ്ലി ഇടപെട്ടു. കാണികളോട് സ്മിത്തിനായി കൈയടിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടു.
കോഹ്ലിയുടേത് മഹത്തരമായ നടപടിയായിരുന്നെന്ന് ഓസീസ് പരിശീലകൻ ഡാരൻ ലേമാൻ വിശേഷിപ്പിച്ചു. എന്തെങ്കിലും പിഴവ് സംഭവിച്ചശേഷം അതിൽ മാപ്പപേക്ഷ നടത്തി വീണ്ടുമെത്തുന്പോൾ പഴയ കാര്യങ്ങൾ ചികഞ്ഞെടുക്കുന്നത് വ്യക്തിപരമായി താത്പര്യമില്ലാത്തതിനാലാണ് സ്മിത്തിനായി കൈയടിക്കാൻ ആവശ്യപ്പെട്ടതെന്ന് കോഹ്ലി പറഞ്ഞത്.
മത്സരത്തിൽ കൃത്യമായ ബാറ്റിംഗ് ബൗളിംഗ് ചെയ്ഞ്ചുകളിലൂടെ കോഹ്ലി മുന്നിൽനിന്ന് നയിക്കുന്നതായിരുന്നു ഓവലിൽ ക്രിക്കറ്റ് ലോകം കണ്ടത്. റണ്‍റേറ്റ് ഉയർത്താൻ ഹാർദിക് പാണ്ഡ്യയെ നാലാമതും ധോണിയെ അഞ്ചാമതും ഇറക്കിയതും ഓപ്പണിംഗ് ബൗളിംഗിനും ബ്രേക്ക് ത്രൂ വേണ്ടിയപ്പോഴും ഭുവനേശ്വർ കുമാറിനെ കൊണ്ടുവന്നതുമെല്ലാം കോഹ്ലിയുടെ ക്യാപ്റ്റൻസി വെളിപ്പെടുത്തുന്നതായിരുന്നു.
ഫീൽഡിംഗിലും കോഹ്ലി അസാമാന്യ നേതൃപാടവം പുറത്തെടുത്ത മത്സരമായിരുന്നു ഓസ്ട്രേലിയയ്ക്കെതിരേ നടന്നത്. ജസ്പ്രീത് ബുംറയുടെ പന്തിൽ മിഡ് വിക്കറ്റിലൂടെ ഫിഞ്ച് ബൗണ്ടറി കടത്തിയതിനു തൊട്ടുപിന്നാലെ കോഹ്ലി, നോണ്‍ സ്ട്രൈക്കറുടെ ലൈനിൽ ഫീൽഡിലെത്തി. ഫിഞ്ചിന്റെ കരുത്ത് അറിഞ്ഞുള്ള ഫീൽഡിംഗ് ആയിരുന്നു അത്. ഇന്ത്യയിൽനിന്ന് കൊടുത്തുവിട്ട മണ്ണിന്റെ മണം ഉള്ളിലേക്ക് ആവാഹിച്ചശേഷം ഓസ്ട്രേലിയയ്ക്കെതിരേ കളത്തിലിറങ്ങിയ കോഹ്ലി ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിലേ അദ്ഭുതമുള്ളൂ.