മുംബൈ: ശാരീരികക്ഷമത നിലനിർത്താനുള്ള സന്ദേശവുമായി സോഷ്യൽമീഡിയവഴി കേന്ദ്രകായികമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് ആരംഭിച്ച #HumFitTohIndiaFit കാന്പെയ്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് കിട്ടിയത് എട്ടിന്റെ പണി!
ഇംഗ്ലീഷ് കൗണ്ടിയിൽ സറെയ്ക്കായി കളിക്കാൻ ഒരുങ്ങുകയായിരുന്നു കോഹ്ലിയുടെ കഴുത്ത് ഉളുക്കി. കഴുത്തിനു പരിക്കേറ്റതിനാൽ കോഹ്ലിക്ക് കൗണ്ടിയിൽ കളിക്കാൻ സാധിക്കില്ലെന്നും ചികിത്സ ആവശ്യമാണെന്നും ബിസിസിഐ അറിയിച്ചു. ഡിസ്ക് സ്ഥാനം തെറ്റിയെന്നായിരുന്നു ആദ്യംവന്ന വാർത്ത.
എന്നാൽ, ഡിസ്കിനു കുഴപ്പമില്ലെന്നും കഴുത്തിനേറ്റ ഉളുക്കാണ് പ്രശ്നമെന്നും ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു. ബിസിസിഐയുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തുക. ജൂണ്‍ 15ന് കോഹ്ലിയെ ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയനാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഐപിഎല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ 17-ാം തീയതി നടന്ന മത്സരത്തിനിടെയാണ് കോഹ്ലിയുടെ കഴുത്തിനു പരിക്കേറ്റതെന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചത്.
എന്നാൽ, ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത് മോദിയെ വെല്ലുവിളിച്ച് 20 സ്പൈഡർ പ്ലാക്സ് എടുക്കുന്ന വീഡിയോ കോഹ്ലി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് 23ന് രാവിലെ 7.33നാണ്. ചലഞ്ച് ഏറ്റെടുത്തിരിക്കുന്നതായും വൈകാതെ വീഡിയോ പോസ്റ്റ് ചെയ്യുന്നതായിരിക്കുമെന്നും മോദി ഇന്നലെ രാവിലെ 8.21ന് കോഹ്ലിക്ക് മറുപടി നല്‍കിയിരുന്നു. ഇതിനും മണിക്കൂറുകൾക്കുശേഷമാണ് മേയ് 17-ാം തീയതി കോഹ്ലിക്ക് പരിക്കേറ്റെന്നും അതിനാൽ കൗണ്ടിയിൽ കളിക്കാൻ സാധിക്കില്ലെന്നും ബിസിസിഐയുടെ കുറിപ്പ് എത്തിയത്.
വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു വിരാട്, എന്റെ ഫിറ്റ്നസ് ചലഞ്ച് വീഡിയോ ഉടൻ പങ്കുവയ്ക്കും- ഇതായിരുന്നു മോദിയുടെ ട്വീറ്റ്. മോദിക്ക് പുറമേ കോഹ്ലിയുടെ ഭാര്യയായ അനുഷ്ക ശർമ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്. ധോണി എന്നിവരെയും ചലഞ്ച് ചെയ്തായിരുന്നു ഇന്ത്യൻ നായകന്റെ വീഡിയോ പോസ്റ്റ്.
ഒളിന്പിക് വെള്ളി മെഡൽ ജേതാവ് കൂടിയായ മന്ത്രി രാജ്യവർധൻ റാത്തോഡ് 21-ാം തീയതിയാണ് ട്വിറ്ററിലൂടെ ഫിറ്റ്നസ് ചലഞ്ചിന് തുടക്കംകുറിച്ചത്. നമ്മൾ ഫിറ്റായിരുന്നാൽ രാജ്യവും ഫിറ്റായിരിക്കും. നിങ്ങളുടെ ഫിറ്റ്നസ് രഹസ്യം എന്താണ്, അതിന്റെ ചെറിയൊരു വീഡിയോ ചിത്രീകരിക്കുക, എല്ലാവർക്കുമായി പങ്കുവയ്ക്കുക എന്ന ആഹ്വാനത്തോടെ 20 പുഷ്അപ്പുകൾ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് റാത്തോഡ് ഫിറ്റ്നസ് ചലഞ്ച് ആരംഭിച്ചത്.
കോഹ്ലിക്ക് പുറമേ ഋത്വിക് റോഷൻ, സൈന നെഹ്വാൾ എന്നിവരെയും വെല്ലുവിളിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ചലഞ്ച് ഏറ്റെടുത്ത് സൈനയും ഋത്വികും ഫിറ്റ്നസ് വീഡിയോ പങ്കുവച്ചിരുന്നു. കേന്ദ്ര ആഭ്യന്തര വകുപ്പ് സഹമന്ത്രി കിരണ്‍ റിജുജുവും ഈ ചാലഞ്ച് ഏറ്റെടുത്ത് പുഷ്അപ് ചെയ്യുന്ന വീഡിയോ പങ്കുവച്ചു.
ഐപിഎൽ മത്സരങ്ങൾ കഴിഞ്ഞാലുടൻ കൗണ്ടിക്കായി ഇംഗ്ലണ്ടിലേക്ക് പോകാനായിരുന്നു കോഹ്ലിയുടെ തീരുമാനം. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ഒഴിവാക്കിയാണ് ഈ തീരുമാനമെടുത്തത്. ഇത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ ബാറ്റിംഗ് മെച്ചപ്പെടുത്താനുള്ള മുന്നൊരുക്കമാണെന്നായിരുന്നു ഇതിനുള്ള മറുപടി.
ജൂണ്‍ 15ന് ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന ഫിറ്റ്നസ് പരിശോധനയ്ക്കുശേഷംമാത്രമേ ഇംഗ്ലണ്ട് പര്യടനത്തിൽ കോഹ്ലി ഉണ്ടാകുമോ എന്നുപോലും പറയാൻ സാധിക്കൂ എന്നാണ് ബിസിസിഐ വൃത്തങ്ങൾ നല്കുന്ന സൂചന.