ലൗഡര്‍ഹില്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കലഹമുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ കോഹ്ലി പുറത്തുവിട്ട ചിത്രം വിവാദമായി. അമേരിക്കയില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ചിലരുടെ ചിത്രമാണ് കോഹ്ലി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
സ്ക്വാഡ് എന്ന തലക്കെട്ടും ചിത്രത്തിന് നല്‍കിയിരുന്നു. രവീന്ദ്ര ജഡേജ, നവ്ദീപ് സെയ്നി, ഖലീല്‍ അഹമ്മദ്, ശ്രേയസ് അയ്യര്‍, കൃണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കെ.എല്‍.രാഹുല്‍ എന്നിവരായിരുന്നു ഫോട്ടോയിലുണ്ടായിരുന്നത്.
രോഹിത് ശര്‍മ ഇല്ലാതെ ചില താരങ്ങളെ മാത്രം ഉള്‍ക്കൊളളിച്ചുളള ഫോട്ടോയെ ടീമെന്ന് കോഹ്ലിക്ക് എങ്ങനെ പറയാനാകുമെന്നാണ് ആരാധകരുടെ ചോദ്യം. രോഹിത് ഇല്ലാതെ ഒരിക്കലും ഇന്ത്യന്‍ ടീം കംപ്ലീറ്റ് ആവില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഫ്ളോറിഡയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായാണ് ടീം അമേരിക്കയിലെത്തിയത്.
പരിശീലനത്തിനിടെയായിരുന്നു ഡ്രസ്സിംഗ് റൂമില്‍ നിന്നും കോലി കളിക്കാര്‍ക്കൊപ്പം ചിത്രമെടുത്തത്. രോഹിത് എവിടെയെന്ന് ആരാധകര്‍ രോഹിത് ശര്മയെവിടെയെന്ന് ചോദിച്ച് ആരാധകര്‍ കമന്റ് ചെയ്യുകയും ട്രോള്‍ പോസ്റ്റുകളാല്‍ മറുപടി നല്‍കുകയും ചെയ്യുകയാണിപ്പോള്‍.
നേരത്തെ ടീമിനുവേണ്ടി മൈതാനത്തേക്ക് കളിക്കാനിറങ്ങുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ച രോഹിത് രണ്ട് വാചകങ്ങളും കുറിച്ചിട്ടിരുന്നു. ഞാന്‍ കളിക്കാനിറങ്ങിയത് ടീമിനുവേണ്ടി മാത്രമല്ല, രാജ്യത്തിനുവേണ്ടിയാണ് എന്നാണ് രോഹിത് ട്വിറ്ററില്‍ കുറിച്ചത്.